ഒക്ടോബറിൽ സൗദി വിമാനക്കമ്പനികൾക്കെതിരെ പരാതി കുറഞ്ഞു
ദേശീയ വിമാനക്കമ്പനികളിൽ ഏറ്റവും കുറഞ്ഞ പരാതി നിരക്ക് സൗദിയക്ക്

റിയാദ്: ഒക്ടോബർ മാസത്തിൽ ദേശീയ വിമാനക്കമ്പനികൾക്കെതിരായ യാത്രക്കാരുടെ പരാതികളിൽ കുറവുണ്ടായതായി സൗദിയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA). അതോറിറ്റിയുടെ പ്രതിമാസ സൂചികയിലാണ് ഇക്കാര്യം പറയുന്നത്.
സൂപ്പറാണ് സൗദിയ
സൗദിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിമാനക്കമ്പനിയെന്ന സ്ഥാനം നിലനിർത്തി 'സൗദിയ'. സൗദിയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) പുറത്തിറക്കിയ പ്രതിമാസ സൂചികയിലാണ് ഇക്കാര്യം പറയുന്നത്. സൗദി പ്രസ് ഏജൻസി റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബറിൽ സൗദിയക്കെതിരെ ലഭിച്ചത് 1,235 പരാതികളാണ്. സെപ്റ്റംബറിൽ ഇത് 1,778 ആയിരുന്നു. ദേശീയ വിമാനക്കമ്പനികളിൽ ഏറ്റവും കുറഞ്ഞ പരാതി നിരക്കാണ് സൗദിയക്കെതിരെയുള്ളത്.
ഒക്ടോബറിൽ ഓരോ 1,00,000 യാത്രക്കാരിൽ നിന്നും 23 എന്ന നിരക്കിലാണ് സൗദിയക്ക് പരാതി ലഭിച്ചത്. സെപ്റ്റംബറിൽ 24 ആയിരുന്നു). ലഭിച്ച എല്ലാ പരാതികളും നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കാൻ കമ്പനിക്ക് സാധിച്ചതായും റിപ്പോർട്ട് പറയുന്നു. രണ്ട് മാസങ്ങളിലും പരാതി പരിഹാര നിരക്ക് 100 ശതമാനമാണ്.
പരാതിയില്ലാത്ത പ്രവർത്തനത്തിൽ ഫ്‌ളൈനാസ് ഒക്ടോബറിൽ രണ്ടാം സ്ഥാനത്താണ്. ഫ്‌ളൈ അദീൽ മൂന്നാം സ്ഥാനത്തും റിയാദ് എയർ നാലാം സ്ഥാനത്തുമാണ്. സെപ്റ്റംബറിൽ മൂന്നാം സ്ഥാനത്തായിരുന്നു റിയാദ് എയർ.
ഏറ്റവും കുറച്ച് പരാതി മദീന എയർപോർട്ടിൽ
ഒക്ടോബറിൽ ഏറ്റവും കുറച്ച് പരാതി മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ. അഞ്ച് പരാതി മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. ഒരു ലക്ഷം യാത്രക്കാരിൽ 0.1%. ഇവിടെ ആകെ ലഭിച്ചത് 5 പരാതികളാണ്, അവ 100% പരിഹരിക്കപ്പെടുകയും ചെയ്തു. പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് നേട്ടം. പരാതികളെല്ലാം നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കുകയും ചെയ്തു. സെപ്റ്റംബർ മാസത്തിൽ, ഈ വിഭാഗത്തിൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു മുന്നിൽ.
പ്രതിവർഷം 60 ലക്ഷത്തിൽ താഴെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ, ഖസീമിലെ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനം നിലനിർത്തി. ഒക്ടോബറിൽ മൂന്ന് പരാതികൾ മാത്രമാണ് ലഭിച്ചത്. ഒരു ലക്ഷം യാത്രക്കാർക്ക് ഒന്ന് എന്ന നിരക്കിൽ. ഇവയെല്ലാം കൃത്യസമയത്ത് പരിഹരിക്കുകയും ചെയ്തു. സെപ്റ്റംബറിൽ ഒരേയൊരു പരാതി മാത്രമാണുണ്ടായിരുന്നത്. അതും നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കപ്പെട്ടു.
ആഭ്യന്തര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ അൽബാഹയിലെ കിങ് സഊദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളവും തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി.
Adjust Story Font
16

