കാലാവധി തീർന്ന സന്ദർശക വിസക്കാർക്ക് ഇളവ് നീട്ടിനൽകി സൗദി
ആഗസ്റ്റ് 26 വരെ സമയം അനുവദിച്ചു, ഫീസും പിഴയും ഒടുക്കിയാൽ നാട്ടിലേക്ക് മടങ്ങാം

ജിദ്ദ: സൗദിയിൽ കാലാവധി തീർന്ന സന്ദർശക വിസയിൽ തങ്ങുന്നവർക്ക് രാജ്യം വിടാൻ അനുവദിച്ചിരുന്ന ഇളവ് കാലത്തിന്റെ സമയപരിധി നീട്ടി. ആഗസ്റ്റ് 26 വരെയാണ് പുതിയ കാലാവധി. ഫീസും, പിഴകളും അടച്ചാൽ നിയമാനുസൃതമായി രാജ്യം വിടാൻ അവസരം ഒരുക്കുന്നതാണ് പദ്ധതി.
ജൂലൈ 27 വരെയുള്ള ഒരു മാസത്തെ ഇളവാണ് കാലാവധി തീർന്ന സന്ദർശക വിസക്കാർക്ക് നൽകിയിരുന്നത്. ഇത് അവസാനിച്ചതോടെ 30 ദിവസത്തേക്ക് കൂടി സമയം അനുവദിച്ചാണ് പുതിയ പ്രഖ്യാപനം. ബിസിനസ്, ഫാമിലി, വിസിറ്റ് തുടങ്ങി മുഴുവൻ സന്ദർശക വിസകൾക്കും ഇളവ് ഉപയോഗപ്പെടുത്താനാവും. ഫീസുകളും പിഴകളും സദാദ് വഴി അടച്ച ശേഷം, അബ്ഷിർ പ്ലാറ്റ്‌ഫോമിലെ തവാസുൽ സേവനം ഉപയോഗപ്പെടുത്തി വിസ ദീർഘിപ്പിക്കാൻ അപേക്ഷ സമർപ്പിക്കണം. ഇതുവഴി വിസ ദീർഘിപ്പിക്കാനും പദവി ശരിയാക്കി നിയമാനുസൃതമായി രാജ്യം വിടാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. വിസ കാലാവധി അവസാനിച്ച് രാജ്യത്ത് തങ്ങുന്നവർക്കും, ഇവരെ കൊണ്ടുവന്നവർക്കും ഏറെ ആശ്വാസകരമാണ് പുതിയ പ്രഖ്യാപനം.
Adjust Story Font
16

