സ്വയം നിയന്ത്രിത ഹൈഡ്രജൻ ട്രക്കുകൾ അവതരിപ്പിച്ച് സൗദി
ദീർഘദൂര ലോജിസ്റ്റിക്സ് സർവീസുകൾക്ക് ഏറെ ഗുണം ചെയ്യും

റിയാദ്: സൗദി അറേബ്യയിൽ സ്വയം നിയന്ത്രിത ഹൈഡ്രജൻ ട്രക്കുകൾ അവതരിപ്പിച്ച് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. സൗദി ഊർജ്ജ മന്ത്രാലയത്തിന്റെയും ഗതാഗത-ലോജിസ്റ്റിക്സ് സേവന മന്ത്രാലയത്തിന്റെയും പിന്തുണയോടെ ഇസ്മായിൽ അബു ദാവൂദ് കമ്പനി, പ്രൊക്ടർ ആൻഡ് ഗാംബിൾ ലിമിറ്റഡ്, ഹൈവ്യൂ കമ്പനി എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി.
പൂർണമായും ഹൈഡ്രജൻ ഉപയോഗിച്ചായിരിക്കും ട്രക്ക് പ്രവർത്തിക്കുക. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ട്രക്കിൽ ഹൈഡ്രജൻ നിറക്കാൻ സാധിക്കുമെന്നും ഏകദേശം 1500 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ട്രക്കിന് കഴിയുമെന്നും അധികൃതർ അറിയിച്ചു. ഉയർന്ന യാത്രാ പരിധിയുള്ളതിനാൽ തന്നെ, ദീർഘദൂര ലോജിസ്റ്റിക്സ് സർവീസുകൾക്കും വലിയ ചരക്കുനീക്കങ്ങൾക്കും ഏറെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുമെന്നതും ട്രക്കിന്റെ പ്രത്യേകതയാണ്. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെയുള്ള മൾട്ടി ലെവൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയിലാണ് ട്രക്ക് പ്രവർത്തിക്കുന്നത്.
വാഹനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി എ.ഐ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും നൂതന മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട്, ഗതാഗത-ലോജിസ്റ്റിക്സ് മേഖലയെ വികസിപ്പിക്കുന്നതിനുമുള്ള സൗദിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
അതോടൊപ്പം ഹെവി ട്രാൻസ്പോർട്ട് മേഖലയിൽ ക്ലീൻ എനർജി, ഓട്ടോണമസ് ഡ്രൈവിങ് കൊണ്ടുവരുക എന്നതിന്റെ ആദ്യ പടിയായാണ് ഹൈഡ്രജൻ ട്രക്ക് അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ സൗദിയിലെ കാർബൺ പുറന്തള്ളൽ ഒരു പരിധി വരെ കുറക്കാൻ കഴിയുമെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു. രാജ്യത്തെ ചരക്കു നീക്കം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ സാങ്കേതികവിദ്യകൾ മേഖലയിൽ കൊണ്ടു വരുമെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16

