Quantcast

റസ്റ്ററൻ്റുകളിലും കഫേകളിലും സ്വദേശിവത്കരണം; അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഇവയാണ്

ഇന്നലെ മുതൽ നടപ്പായ സൗദിയിലെ സ്വദേശിവത്കരണത്തിൻ്റെ വിശദാംശങ്ങൾ വ്യക്തമായി മനസ്സിലാക്കാം

MediaOne Logo
റസ്റ്ററൻ്റുകളിലും കഫേകളിലും സ്വദേശിവത്കരണം; അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഇവയാണ്
X

സൗദിയിൽ റെസ്റ്റാറൻറുകൾ, കഫേകൾ, കാറ്ററിങ്​, സെൻട്രൽ മാർക്കറ്റുകൾ എന്നീ മേഖലകളിലെ സ്വദേശിവത്കരണ തീരുമാനം പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ശഅ്ബാനിലാണ്​ ഇതു സംബന്ധിച്ച തീരുമാനം മാനവവിഭവശേഷി മന്ത്രി എൻജിനീയർ അഹ്മദ്​ ബിൻ സുലൈമാൻ അൽറാജിഹി പുറപ്പെടുവിച്ചത്​. സ്വദേശിവത്കരണ തീരുമാനം നടപ്പിലാക്കുന്നതിനു മുന്നോടിയായി സ്ഥാപനങ്ങൾക്ക്​ അനുവദിച്ച കാലാവധി അവസാനിച്ചതായും 2021 ഒക്ടോബർ രണ്ട്​ മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായും തൊഴിൽ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

ഭക്ഷണക്കടകളിലെ സ്വദേശിവത്കരണ രീതി:

റെസ്റ്റാറൻറുകൾ, മത്ബഖുകൾ, ഫാസ്റ്റ്​ ഫുഡ്​കടകൾ, ജൂസ്​ കടകൾ എന്നിവയിൽ ആകെ ജീവനക്കാരുടെ 20 ശതമാനവും സൗദികളായിരിക്കണം. എന്നാൽ ഈ സ്ഥാപനങ്ങൾ മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലുമാണെങ്കിൽ 40 ശതമാനം സൗദികൾ ജീവനക്കാരായി വേണം. ഒരു ഷിഫ്റ്റിൽ നാലിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കേ ഇത് ബാധകമാകൂ.

റസ്റ്ററൻ്റുകളിൽ സൗദികൾ വേണ്ടാത്ത തൊഴിലുകൾ:

റെസ്റ്റാറൻറുകൾ, മത്ബഖുകൾ, ഫാസ്റ്റ്​ ഫുഡ്​കടകൾ, ജൂസ്​ കടകൾ എന്നിവയിൽ ചില പ്രഫഷനുകളിൽ സ്വദേശിവത്കരണം വേണ്ടതില്ല. ക്ലീനിങ്​ തൊഴിലാളി, ലോഡിങ്​, അൺലോഡിങ്​ തൊഴിലാളി എന്നിവരുടെ സ്ഥാനത്താണ് സൗദികൾ വേണ്ടാത്തത്. എന്നു വെച്ച് കൂടുതൽ ഈ പ്രഫഷൻകാരെ കടയിൽ നിർത്തുക സാധ്യമല്ല. ആകെ ജീവനക്കാരുടെ 20 ശതമാനമേ ഈ പ്രഫഷനിലുള്ളവർ പാടുള്ളൂ. അതായത് 10 ജീവനക്കാനുള്ള റസ്റ്ററന്റൈണെങ്കിൽ 2 ക്ലീനിങ്, ലോഡിങ് തൊഴിലാളികളേ പാടുള്ളൂ എന്ന് ചുരുക്കം. മാത്രവുമല്ല, ഇവർ ക്ലീനിങ് ജീവനക്കാരുടെ യൂണിഫോം ധരിച്ചിരിക്കുകയും വേണം. യൂണിഫോമിൽ പ്രഫഷനും കാണിച്ചിരിക്കണം.

ഭക്ഷണക്കടകളിൽ സ്വദേശിവത്കരണം ബാധകമല്ലാത്ത സ്ഥാപനങ്ങൾ:

കഫ്റ്റീരിയ, ഫുഡ് പ്രോസസ്സിങ്​ അല്ലെങ്കിൽ കാറ്ററിങ്​ കോൺട്രാക്ടർമാർ, കാറ്ററിങ്​ ഓപ്പറേറ്റർമാർ എന്നിവക്ക് സ്വദേശിവത്കരമം ബാധകമല്ല. ഇതിനു പുറമെ ഫാക്ടറികൾ, ഓഫീസുകൾ, ആശുപത്രികൾ, സ്ക്കൂളുകൾ എന്നിവിടങ്ങളിലെ കാൻറീനുകൾ, കഫ്റ്റീരിയകൾ എന്നിവക്കും ഇത് ബാധകമല്ല. ഹോട്ടലുകൾ, അപ്പാർട്ട്മെൻറുകൾ, ഹോട്ടൽ വില്ലകൾ എന്നിവയ്ക്കുള്ളിലെ റെസ്റ്റാറൻറുകൾ, കഫേകൾ എന്നിവക്കും സ്വദേശിവത്കരണം വേണ്ടതില്ല.

തണുത്ത ഭക്ഷണം വിൽക്കുന്ന സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം:

പാനീയങ്ങൾ, ശീതീകരിച്ച (തല്ലാജ്) വസ്തുക്കൾ, ഐസ്ക്രീം എന്നിവ വിൽക്കുന്ന കഫേകൾക്കുള്ള സ്വദേശിവത്കരണ അനുപാതം 30 ശതമാനമാണ്. അതായത് പത്ത് ജീവനക്കാരിൽ മൂന്ന് പേർ സൗദികളായിരിക്കണം. മാളുകളിലും വാണിജ്യ കേന്ദ്രങ്ങൾക്കും ഉള്ളിലുള്ളതാണെങ്കിൽ ആകെ ജീവനക്കാരുടെ പകുതിയും സൗദികളായിരിക്കണം. ഒരു ഷിഫ്റ്റിൽ രണ്ടോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കേ ഈ സ്വദേശിവത്കരണ ഉത്തരവ് ബാധകമാകൂ.

തണുത്ത ഭക്ഷണം വിൽക്കുന്നവയിൽ സമ്പൂർണ സ്വദേശിവത്കരണം ബാധകമാകുന്നവർ:

ഐസ്ക്രീം, പാനീയങ്ങൾ, മറ്റ്​ ഭക്ഷ്യവസ്​തുക്കൾ എന്നിവ വിൽപന നടത്തുന്ന ഫുഡ്​ട്രക്കുകളിലെ തൊഴിലാളികൾ 100 ശതമാനം സ്വദേശികളായിരിക്കണം. ഫുഡ്​ട്രക്ക്​ മേഖലയിൽ സ്വദേശിവത്കരണ തീരുമാനത്തിൽ ഒരു ജോലിയും ഒഴിവാക്കിയിട്ടില്ല. നൂറ്​ ശതമാനമെന്ന തീരുമാനം രാജ്യത്തെ മുഴുവൻ മേഖലകൾക്കും ബാധകമായിരിക്കും.

സൂപ്പർമാർക്കറ്റുകളിലെ സ്വദേശിവത്കരണം:

സൂപ്പർമാർക്കറ്റ് സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിൽ സൗദികളെ നിയമിക്കാനുള്ള തീരുമാനം 300 ചതുരശ്ര മീറ്റർ മുതൽ വലിപ്പമുള്ള എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. 500 ചതുരശ്ര മീറ്ററിൽ കുറയാത്ത സെൻട്രൽ മാർക്കറ്റുകളും സ്വദേശിവത്കരണം പാലിക്കണം. രണ്ട് ഘട്ടങ്ങളായാണ്ജോലികൾ സ്വദേശിവത്കരിക്കുക. ആദ്യഘട്ടത്തിൽ കസ്റ്റമർ അക്കൗണ്ടൻറ്, അക്കൗണ്ടിങ് സൂപർവൈസർ, കസ്മറ്റർ സർവീസ്, കസ്റ്റമർ റിലേഷൻസ്എന്നീ ജോലികൾ നൂറു ശതമാനം സൗദികൾക്കായിരിക്കും. സെക്ഷൻ സൂപർവൈസർ ജോലിയിൽ 50 ശതമാനം സ്വദേശികളെ നിയമിച്ചാൽ മതി. രണ്ടാംഘട്ടം ആറ് മാസത്തിനു ശേഷം ആരംഭിക്കും. ഈ ഘട്ടത്തിൽ സെയിൽസ് സൂപർവൈസർ ജോലികൾ നൂറ്ശതമാനം സ്വദേശികൾക്ക്മാത്രമാകും. മാനേജർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ എന്നീ ജോലികളിൽ 50 ശതമാനം സൗദികളായിരിക്കണം. നിബന്ധന പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ മാനവവിഭവശേഷി മന്ത്രാലയം പരിശോധന നടത്തും.

Next Story