കിങ് ഫഹദ് കോസ്‌വേയിൽ ഇനി സ്കൂട്ടർ 'റൗണ്ട്സ്'!; യാത്രാ നടപടികൾ സുഗമമാക്കാൻ പുതിയ നീക്കവുമായി ജവാസാത്ത്
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രഥമ പരിഗണന

റിയാദ്: സൗദി-ബഹ്‌റൈൻ അതിർത്തിയായ കിങ് ഫഹദ് കോസ്‌വേയിൽ യാത്രാ നടപടികൾ വേഗത്തിലാക്കാൻ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്). മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും യാത്രാ നടപടികൾ സുഗമമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി. നടക്കാൻ പ്രയാസമനുഭവിക്കുന്ന മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വിമാനത്താവള മാതൃകയിൽ സ്കൂട്ടറുകൾ വഴി അതിവേഗ സേവനം ഉറപ്പാക്കുന്നതാണ് പദ്ധതി.
കോസ്‌വേയിലെ ട്രാവൽ ലൈനുകളിലും ഗേറ്റുകളിലും വാഹനങ്ങളുടെ നീക്കം നിയന്ത്രിക്കാനും ക്രമീകരിക്കാനും ജവാസാത്ത് ഉദ്യോഗസ്ഥർ ഈ സ്കൂട്ടറുകൾ ഉപയോഗിക്കും. അതിർത്തിയിൽ പെട്ടെന്നുണ്ടാകുന്ന കേസുകളിലോ അടിയന്തര സാഹചര്യങ്ങളിലോ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ സ്ഥലത്തെത്താനും നടപടികൾ പൂർത്തിയാക്കാനും ഇത് സഹായിക്കും. രാജ്യത്തെ പാസ്‌പോർട്ട് വിഭാഗം നടപ്പിലാക്കുന്ന സ്മാർട്ട് സൊല്യൂഷനുകളുടെ ഭാഗമായാണ് ഈ പുതിയ നീക്കം. യാത്രാ നടപടികളിലെ വേഗത വർധിപ്പിക്കാനും കൂടുതൽ സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി വരും ദിവസങ്ങളിൽ രാജ്യത്തെ മറ്റ് അതിർത്തി പോർട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.
Adjust Story Font
16

