വരും ദിവസങ്ങളിൽ സൗദിയിൽ കൊടും തണുപ്പ്
ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

റിയാദ്: വരും ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ തണുത്ത കാലാവസ്ഥയുണ്ടാകുമെന്നും പ്രത്യേകിച്ച് തെക്കൻ, മധ്യ ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് കൂടുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടയ്ക്കിടെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ അൽജൗഫ്, വടക്കൻ പ്രവിശ്യ, തബൂക്ക്, ഹാഇൽ, ഖസീം, റിയാദിന്റെ വടക്കൻ ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ രാത്രിയിലും പുലർച്ചെയും തണുത്ത കാലാവസ്ഥ ഉണ്ടാകുമെന്ന് കേന്ദ്രം വിശദീകരിച്ചു.
ഞായറാഴ്ചയും തിങ്കളാഴ്ചയും അൽ ജൗഫ്, മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. അൽബഹ, അസീർ, ജിസാൻ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ആഴ്ചാവസാനം വരെ മഴ തുടരുമെന്നും ചൂണ്ടിക്കാട്ടി.
തബൂക്ക്, അൽജൗഫ്, വടക്കൻ പ്രവിശ്യ, ഹാഇൽ, മക്ക, മദീന, ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ സജീവമായ പൊടിക്കാറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു. പൊടിക്കാറ്റിന്റെ ഫലങ്ങൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും റിയാദിന്റെയും കിഴക്കൻ പ്രവിശ്യകളുടെയും തെക്കൻ ഭാഗങ്ങളിലേക്കും നജ്റാൻ മേഖലയിലേക്കും വ്യാപിക്കുമെന്നും സൂചിപ്പിച്ചു.
Adjust Story Font
16

