ശൈഖ് അബ്ദുറഹ്‌മാൻ അൽ ഹുദൈഫി ഇത്തവണ അറഫാ പ്രഭാഷണം നിർവഹിക്കും
പ്രവാചകൻ നടത്തിയ വിടവാങ്ങൽ പ്രഭാഷണത്തെ അനുസ്മരിച്ചുള്ളതാണ് അറഫാ പ്രഭാഷണം

ജിദ്ദ: ഇത്തവണത്തെ അറഫാ പ്രഭാഷണത്തിനും നമസ്‌കാരത്തിനും സൗദിയിലെ പ്രമുഖ പണ്ഡിതനും ഖുർആൻ പാരായണ വിദഗ്ധനുമായ ശൈഖ് അബ്ദുറഹ്‌മാൻ അൽ ഹുദൈഫി നേതൃത്വം നൽകും. മദീനയിലെ മസ്ജിദുന്നബവിയിൽ അഞ്ചു പതിറ്റാണ്ടോളമായി ഇമാമായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ആഗോളതലത്തിൽ തന്നെ ആദരിക്കപ്പെടുന്ന ഇസ്ലാമിക പണ്ഡിതനാണ്. പ്രവാചകൻ മുഹമ്മദ് നബി നിർവഹിച്ച വിടവാങ്ങൽ പ്രഭാഷണത്തെ അനുസ്മരിച്ചുകൊണ്ട് നടക്കുന്ന ഈ പ്രഭാഷണം ഹജ്ജ് കർമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ്.
തീർഥാടക ലക്ഷങ്ങൾ ഒത്തുചേരുന്ന ചരിത്രപ്രസിദ്ധമായ അറഫാ മഹാസംഗമം ഈ മാസം 26ാം തീയതി ചൊവ്വാഴ്ചയാണ് നടക്കുക. ഹജ്ജിനെത്തുന്ന മുഴുവൻ വിശ്വാസികളും ഒരുമിച്ചുകൂടുന്ന അറഫയിലെ 'നമിറ' പള്ളിയിലാണ് പ്രഭാഷണവും പ്രത്യേക നമസ്‌കാരവും ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് തീർഥാടകർ ഒരേ മനസ്സോടെ പ്രാർത്ഥനാനിരതരാകുന്ന ഈ പുണ്യദിനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സൗദി ഭരണകൂടം പൂർത്തിയാക്കിയിട്ടുള്ളത്.
Adjust Story Font
16

