സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ കർശനമായ നിബന്ധനകൾ
മാനദണ്ഡങ്ങൾ പാലിക്കാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പാടില്ല

റിയാദ്: ഗാർഹിക തൊഴിലാളികളുടെയും സമാന തസ്തികയിലുള്ളവരുടെയും അവകാശങ്ങളും കടമകളും സംരക്ഷിക്കുന്നതിനായി പരിഷ്കരിച്ച പുതിയ നിയമനിർമാണ കരട് പുറത്തിറക്കി. തൊഴിലുടമകൾ തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ ചൂഷണം ചെയ്യുന്നത് തടയുന്നതിനും, റിക്രൂട്ട്‌മെൻ്റ് ഏജൻസികളുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കർശനമായ വ്യവസ്ഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 'ഇസ്‌തിലാ' പ്ലാറ്റ്‌ഫോം വഴിയാണ് ഈ കരട് നിയമം അവതരിപ്പിച്ചത്. 21 വയസ്സിൽ താഴെയുള്ളവരെ ഗാർഹിക ജോലിക്കായി നിയമിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. മന്ത്രാലയത്തിൻ്റെ മുൻകൂർ അനുമതിയില്ലാതെയും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പാടില്ല.
ഗാർഹിക തൊഴിൽ കരാറുകൾ കൃത്യമായ കാലാവധി നിശ്ചയിച്ചുള്ളതായിരിക്കണം. കാലാവധി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, ജോലിയിൽ പ്രവേശിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ കാലാവധി സ്വയമേവ പുതുക്കിയതായി കണക്കാക്കും. കരാറുകൾ അറബി ഭാഷയിൽ ആയിരിക്കണം. എന്നാൽ തൊഴിലാളിക്ക് മനസ്സിലാകുന്ന രീതിയിൽ അവരുടെ രാജ്യത്തെ ഔദ്യോഗിക ഭാഷയിലേക്ക് കരാർ വിവർത്തനം ചെയ്യേണ്ടത് നിർബന്ധമാണ്.
കരാർ രേഖാമൂലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കിലും, തൊഴിൽ ബന്ധം നിലനിൽക്കുന്നതായി കണക്കാക്കും. അത്തരം സാഹചര്യങ്ങളിൽ, എല്ലാ തെളിവുകളും ഉപയോഗിച്ച് സ്വന്തം അവകാശങ്ങൾ തെളിയിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും. കരാർ രേഖാമൂലം അല്ലാത്തത് തൊഴിലാളിയുടെ ആനുകൂല്യങ്ങളെ ബാധിക്കില്ലെന്നും നിയമം വ്യക്തമാക്കുന്നു.
Adjust Story Font
16

