Quantcast

ഈ വേനൽകാലം സൗദി നന്നായി വിയർക്കും

ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ചൂട് കനക്കും

MediaOne Logo

Web Desk

  • Published:

    3 Jun 2026 9:09 PM IST

ഈ വേനൽകാലം സൗദി നന്നായി വിയർക്കും
X

റിയാദ്: 2026 വേനൽക്കാലം സൗദി അറേബ്യയുടെ മിക്ക പ്രവിശ്യകളിലും ചൂട് കഠിനമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ശരാശരി താപനില വർധിക്കുമെന്നും ചൂട് കനക്കുമെന്നും കേന്ദ്രം പ്രവചിച്ചു. ഈ മാസങ്ങളിൽ മഴ കുറവായിരിക്കുമെന്നും തെക്കുപടിഞ്ഞാറൻ മേഖലകളിൽ സാധാരണ ലഭിക്കാറുള്ളതിനേക്കാൾ കുറവ് മഴ മാത്രമേ ഇത്തവണ ലഭിക്കാൻ സാധ്യതയുള്ളൂവെന്നും കേന്ദ്രം അറിയിച്ചു.

ജൂൺ മാസത്തിൽ മക്ക, അൽ ബഹ, അസീർ, റിയാദ്, അൽ ഖസീം, ഹാഇൽ, തബൂക്ക് പ്രവിശ്യകളിൽ സാധാരണ താപനിലയേക്കാൾ ഏകദേശം 1 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മാസമായി ജൂലൈ മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം പ്രവചിച്ചു. ഈ മാസം ജിസാൻ, അൽ ബഹ, അസീർ, മക്ക പ്രവിശ്യകളുടെ ചില ഭാഗങ്ങളിൽ താപനില സാധാരണ നിലയേക്കാൾ 1.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

ആഗസ്റ്റ് മാസത്തിലും താപനില ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യത. പ്രത്യേകിച്ച് ജിസാനിലും തെക്കുപടിഞ്ഞാറൻ മലയോര മേഖലകളുടെ ചില ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, മധ്യ മേഖലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താനും കൂടാതെ ഭൂരിഭാഗം ഉൾപ്രദേശങ്ങളിലും പകൽ സമയങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാനും സാധ്യതയുണ്ട്.

ജൂൺ മാസത്തിൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും സാധാരണ ലഭിക്കാറുള്ള അത്രയും മഴ ലഭിക്കും. എന്നാൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നും സാധാരണയേക്കാൾ കുറവ് മഴയേ ലഭിക്കുകയുള്ളൂവെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. ജിസാൻ, അസീർ, അൽ ബഹ, നജ്റാൻ എന്നീ പ്രവിശ്യകളിൽ മഴ കുറവായിരിക്കും. ഇതിനുപുറമേ മക്ക, മദീന പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും, കിഴക്കൻ, മധ്യ പ്രദേശങ്ങളിലും സാധാരണയേക്കാൾ കുറവ് മഴയായിരിക്കും ലഭിക്കുക.

TAGS :

Next Story