സൂപ്പർ കപ്പ്: മലപ്പുറവും കോഴിക്കോടും പാലക്കാടും സെമിയിൽ
ആലപ്പുഴയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തറപ്പറ്റിച്ച് മലപ്പുറം

റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൽ ജില്ലാ മത്സരങ്ങളിൽ ആലപ്പുഴയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തറപ്പറ്റിച്ച് മലപ്പുറം സെമി ഫൈനലിലേക്ക് യോഗ്യത നേടി. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ കോഴിക്കോട് -പാലക്കാട് മത്സരം സമനിലയിൽ കലാശിച്ചതോടെ ഇരു ടീമുകളും സെമിയിലേക്ക് മുന്നേറി. സെമിയിലേക്കെത്താൻ ഇരു ടീമുകൾക്കും സമനില മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ മത്സരത്തിലെ അതേ ഗോളടി മികവ് തുടർന്ന മലപ്പുറം ആലപ്പുഴക്കെതിരെയുള്ള കളിയുടെ മുഴുവൻ സമയത്തും മേധാവിത്വം നിലനിർത്തി. കളി തുടങ്ങി ആദ്യ മിനുറ്റുകളിൽ തന്നെ ഗോൾ നേടിയ മലപ്പുറം വരാനിരിക്കുന്ന ഗോളടി മേളത്തിന്റെ സൂചന നൽകി. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ നാല് ഗോളിന്റെ വ്യക്തമായ ലീഡ് മലപ്പുറം നേടി. ആലപ്പുഴക്ക് കളിയുടെ ഒരു സമയത്ത് പോലും മലപ്പുറത്തിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ കീപ്പർ അടക്കം അഞ്ച് സബ്സ്റ്റിറ്റിയൂട്ടാണ് മലപ്പുറം നടത്തിയത്. രണ്ടാം പകുതിയിൽ മലപ്പുറത്തിന് ലഭിച്ച പെനാൽറ്റി കിക്കെടുത്ത ഫാസിലിന് പിഴച്ചെങ്കിലും റീ ബോളിലൂടെ ഗോൾ കണ്ടെത്തി. ഇതോടെ ആലപ്പുഴയുടെ പതനം പൂർത്തിയായി. മത്സരത്തിൽ ഹാട്രിക് നേടിയ ഫാസിലാണ് മാൻ ഓഫ് ദി മാച്ച്. ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അവാർഡ് സമ്മാനിച്ചു.
ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പാലക്കാട് -കോഴിക്കോട് മത്സരം സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് 'ബി' യിൽ നാല് പോയിന്റ് ഉണ്ടായിരുന്ന ഇരു ടീമുകൾക്കും സമനിലയിലൂടെ ലഭിച്ച പോയിന്റ് അടക്കം മികച്ച ഗോൾ ശരാശരിയാണ് സെമിയിലേക്ക് എത്താൻ സഹായിച്ചത്. പാലക്കാടിനു വേണ്ടി കമാലുദ്ദീനും കോഴിക്കോടിന് വേണ്ടി തഷിൻ റഹ്‌മാനും ലക്ഷ്യം കണ്ടു. മത്സരത്തിലെ താരമായി കമാലുദ്ദീനെ തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് അവാർഡ് സമ്മാനിച്ചു.
ഷംസു പൂക്കോട്ടൂർ, ശാഫി തുവ്വൂർ, ബഷീർ ആലപ്പുഴ, മുനീർ മക്കാനി, ഇസ്മായിൽ താനൂർ, ഷബീർ അലി പളളിക്കൽ, യഹ്യ പൊന്നാനി, റസാഖ് ഒമാനൂർ, നിഷാഫ് ബാലുശ്ശേരി, മുജീബ് തൃശ്ശൂർ, ഷാഫി വെട്ടിക്കാട്ടിരി, ഫിർദൗസ് സീറ റസ്റ്റോറന്റ്, സഫീർ മോൻ വേങ്ങര, അബ്ദുൽ കരീം താനൂർ, അനിൽ മാവൂർ കംഫർട്ട് ട്രാവൽസ് മാർക്കറ്റിംഗ് ഹെഡ്, മാമുക്കോയ ഒറ്റപ്പാലം, ഷക്കീൽ തിരൂർക്കാട്, സീതി തങ്ങൾ, സൈതു മീഞ്ചന്ത, മൊയ്തീൻ കുട്ടി തൃത്താല, നൗഫൽ താനൂർ, റസാഖ് ബാലുശ്ശേരി, മനാഫ് മണ്ണൂർ, ജബ്ബാർ വല്ലപുഴ, മുഹമ്മദ് ഷഹീൻ, റഫീഖ് തിരുവമ്പാടി, മുജീബ് കാളികാവ്, ഗഫൂർ പേരാമ്പ്ര, സലീം പട്ടാമ്പി, നാസർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ കണ്ണൂർ കോഴിക്കോടിനേയും പാലക്കാട് മലപ്പുറത്തിനെയും നേരിടും.
Adjust Story Font
16

