Quantcast

സൗദിയിലുടനീളം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും; വ്യവസ്ഥകൾ ലംഘിച്ചാൽ പിഴ

സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-07 18:38:42.0

Published:

7 Oct 2022 11:18 PM IST

സൗദിയിലുടനീളം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും; വ്യവസ്ഥകൾ ലംഘിച്ചാൽ പിഴ
X

ജിദ്ദ: സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ ആഭ്യന്തര മന്ത്രാലയം നിർണയിച്ചു. സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നത്. ക്യാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി നിയന്ത്രണങ്ങളും പുതിയ വ്യവസ്ഥയിലുൾപ്പെടുത്തി.

സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നിബന്ധന സൗദി യിലുടനീളം നടപ്പാക്കാൻ മന്ത്രിസഭ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാമറകൾ സ്ഥാപിക്കാൻ അനുവാദമുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങൾ ആഭ്യന്തരമന്ത്രാലയം നിർണയിച്ചിരിക്കുന്നത്. കാമറകൾ നിർബന്ധമായും സ്ഥാപിക്കേണ്ട ഓരോ വിഭാഗത്തോടും നിശ്ചിത കാലാവധിക്കുള്ളിൽ അത് പാലിക്കാൻ നിർബന്ധിക്കും.

ആശുപത്രികളിലെ പരിശോധനാ മുറികൾ, കിടത്തി ചികിത്സിക്കുന്ന സ്ഥലങ്ങൾ, ഫിസിയോതെറാപ്പി സെന്റര്‍ , വസ്ത്രങ്ങൾ മാറാനുള്ള സ്ഥലങ്ങൾ, ടോയ്‌ലറ്റുകൾ, വനിതാ സലൂണുകൾ, വനിതാ ക്ലബ്ബുകൾ, ടൂറിസ്റ്റുകൾക്കുള്ള പാർപ്പിട യുണിറ്റുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. എന്നാൽ പാർപ്പിട കെട്ടിടങ്ങളും ഷോപ്പിംഗ് സെൻ്ററുകളുമുൾപ്പെടെ മറ്റുസ്ഥലങ്ങളിലെല്ലാം പ്രത്യകമായ വ്യവസ്ഥകൾ പാലിച്ചു കൊണ്ട് കാമറകൾ സ്ഥാപിക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നുണ്ട്.

മന്ത്രാലയത്തിൻ്റെയോ, ജുഡീഷ്യറിയുടെയോ ഉത്തരവോ അല്ലെങ്കിൽ അംഗീകൃത അന്വേഷണ അതോറിറ്റിയുടെ അഭ്യർഥനയോ ഇല്ലാതെ റെക്കോർഡ് ചെയ്ത ക്യാമറ ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ല. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥാപിക്കുന്ന ഓരോ സി.സി.ടി.വി ഉപകരണങ്ങൾക്കും ഓരോ നിരീക്ഷണ ക്യാമറക്കും 500 റിയാൽ വീതം പിഴ ചുമത്തും. വ്യവസ്ഥകൾ പാലിച്ച് സ്ഥാപിക്കാത്തതിനും പ്രദേശം സി.സി.ടി.വി നിരീക്ഷണത്തിലാണ് എന്ന് അറിയിക്കുന്ന ബോർഡ് സ്ഥാപിക്കാത്തതിനും ഓരോ ക്യാമറക്കും സി.സി.ടി.വി ഉപകരണത്തിനും ആയിരം റിയാൽ തോതിലും പിഴ ചുമത്തും. സി.സി.ടി.വി റെക്കോർഡുകൾ സൂക്ഷിക്കാത്തതിന് 5,000 റിയാലും നിരോധിത സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാൽ 10,000 റിയാലും, നിയമ വിരുദ്ധമായി റെക്കോർഡുകൾ നീക്കം ചെയ്യുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും സി.സി.ടി.വി സംവിധാനവും റെക്കോർഡുകളും നശിപ്പിക്കുന്നവർക്കും 20,000 റിയാൽ തോതിലും പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

TAGS :

Next Story