തുർക്കി, ബ്രിട്ടൻ, സൈപ്രസ് നേതാക്കളുമായി ഫോണിലൂടെ ചർച്ച നടത്തി സൗദി കിരീടാവകാശി
സുരക്ഷാ പ്രത്യാഘാതങ്ങൾ വിലയിരുത്തി

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സൈനിക നീക്കങ്ങളും അതിന്റെ സുരക്ഷാ പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിനായി വിവിധ ലോകനേതാക്കളുമായി ഫോണിൽ ചർച്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. തുർക്കി പ്രസിഡന്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി, സൈപ്രസ് പ്രസിഡന്റ് എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ സംഭാഷണത്തിൽ, തുർക്കിക്ക് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെ കിരീടാവകാശി ശക്തമായി അപലപിച്ചു. തുർക്കിയുടെ സുരക്ഷയും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മേഖലയിലെ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നും ഇരുനേതാക്കളും വിലയിരുത്തി.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായും കിരീടാവകാശി ചർച്ച നടത്തി. സൗദി അറേബ്യയുടെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബ്രിട്ടന്റെ പൂർണ പിന്തുണ സ്റ്റാർമർ അറിയിച്ചു. സൗദിയുടെ സ്ഥിരതയും സുരക്ഷയും നിലനിർത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സുമായി നടത്തിയ ചർച്ചയിൽ മേഖലയിലെ സമാധാനത്തിന് ഭംഗം വരുത്തുന്ന യാതൊരു നീക്കങ്ങളെയും അംഗീകരിക്കാനാവില്ലെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല ചർച്ചകൾ നടന്നത്.
Adjust Story Font
16

