ഹജ്ജ് പൂർത്തിയായതോടെ മക്കയിൽ ഉംറ തീർഥാടകരുടെ പ്രവാഹം; 2 ലക്ഷത്തോളം വിസകൾ അനുവദിച്ചു
അടുത്ത വർഷം ഏപ്രിൽ വരെയാണ് ഉംറ സീസൺ

റിയാദ്: ഹജ്ജ് തീർഥാടനം വിജയകരമായി പൂർത്തിയായതിന് പിന്നാലെ ഉംറ തീർഥാടകരുടെ വൻ പ്രവാഹത്തിന് സാക്ഷ്യം വഹിച്ച് മക്ക. കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ ഏകദേശം രണ്ട് ലക്ഷത്തോളം ഉംറ വിസകൾ മന്ത്രാലയം അനുവദിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഹജ്ജ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ജൂൺ 10നാണ് പുതിയ ഉംറ സീസൺ ആരംഭിച്ചത്. ജൂൺ 10 മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മാത്രം 1,90,000 ഉംറ വിസകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് തീർഥാടകർ പൂർണ്ണമായും മടങ്ങുന്നതിന് മുമ്പ് തന്നെ ഉംറ തീർഥാടകർ രാജ്യത്തേക്ക് എത്തിത്തുടങ്ങിയിരുന്നു. ജൂൺ 14 മുതലാണ് വിദേശ തീർഥാടകർക്ക് ഉംറ പെർമിറ്റുകൾ നൽകിത്തുടങ്ങിയത്.
ഈ വർഷം എട്ട് മാസം നീളുന്ന ഉംറ സീസണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 20 വരെ ഉംറ സീസൺ തുടരും. വിദേശ തീർഥാടകർക്ക് ഏപ്രിൽ മൂന്ന് വരെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്. ദുൽഖഅദ് ഒന്ന്, അതായത് ഏപ്രിൽ 18-ഓടെ ഉംറ തീർഥാടകർ പൂർണ്ണമായും രാജ്യത്ത് നിന്ന് മടങ്ങണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഉംറക്ക് അനുമതി ലഭിക്കുന്നതിന് പുതിയ നിയമങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. ഉംറക്ക് വരുന്നവർ തങ്ങളുടെ താമസ രേഖകൾ നുസുക് മസാർ പ്ലാറ്റ്ഫോമിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. ഈ നിയമം പാലിക്കാത്ത ഏജൻസികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Adjust Story Font
16

