റെക്കോർഡ് വേഗതയിൽ അറഫാ സംഗമം; യാത്ര പൂർത്തിയായത് കഴിഞ്ഞ വർഷത്തേക്കാൾ 2 മണിക്കൂർ മുമ്പ്
ഇന്ന് രാവിലെ 07:56-ഓടെ തന്നെ മുഴുവൻ തീർഥാടകരെയും അറഫയിൽ എത്തിച്ചു

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടകരെ മിനായിൽ നിന്ന് അറഫാ മൈതാനിയിലേക്ക് എത്തിക്കുന്ന പ്രക്രിയ റെക്കോർഡ് വേഗതയിൽ പൂർത്തിയാക്കി സൗദി അറേബ്യ. റോയൽ കമ്മീഷൻ ഫോർ മക്ക ആന്റ് ഹോളി സൈറ്റ്‌സിന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ ജനറൽ ട്രാൻസ്‌പോർട്ട് സെന്ററാണ് ഈ ചരിത്രനേട്ടം പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 07:56-ഓടെ തന്നെ മുഴുവൻ തീർഥാടകരെയും അറഫയിൽ എത്തിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് മണിക്കൂർ മുമ്പ് തന്നെ തീർഥാടകരുടെ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നത് വലിയ വിജയമായി വിലയിരുത്തപ്പെടുന്നു.
ബസുകൾ, അൽ മശാഇർ മെട്രോ ട്രെയിൻ, പരമ്പരാഗത ഗതാഗത മാർഗങ്ങൾ എന്നിവ സമഗ്രമായി സംയോജിപ്പിച്ചാണ് തീർഥാടകരുടെ യാത്ര സാധ്യമാക്കിയത്. തീർഥാടകർക്ക് നൽകുന്ന ഗതാഗത സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പുണ്യസ്ഥലങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്നതിനും വേണ്ടി റോയൽ കമ്മീഷൻ വർഷം തോറും നടപ്പിലാക്കുന്ന വിപുലമായ നവീകരണങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് ട്രാൻസ്‌പോർട്ട് സെന്റർ വ്യക്തമാക്കി.
നിശ്ചിത സമയക്രമങ്ങളും അംഗീകൃത പ്രവർത്തന പദ്ധതികളും കൃത്യമായി പാലിച്ചാണ് മൂന്ന് തരം ഗതാഗത സംവിധാനങ്ങളും പ്രവർത്തിപ്പിച്ചത്. സുരക്ഷാ-സേവന വിഭാഗങ്ങളും വിവിധ സർക്കാർ വകുപ്പുകളും തമ്മിലുള്ള തടസ്സമില്ലാത്ത ഏകോപനവും ഒത്തൊരുമയുമാണ് ലക്ഷക്കണക്കിന് വരുന്ന ജനസാഗരത്തിന്റെ നീക്കം ഇത്രയും സുഗമമാക്കാൻ സഹായിച്ചത്. ഉയർന്ന പ്രവർത്തന സജ്ജീകരണങ്ങളും കൃത്യമായ ആസൂത്രണവും ഈ വിജയത്തിന് പിന്നിലെ കാരണയെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

