സൗദിയിൽ വനിതകള്‍ക്കിടയിലെ പ്രസവ നിരക്ക് കുറയുന്നു
വനിതകളിലെ അവിവാഹിതര്‍ 36 ശതമാനം

ദമ്മാം: സൗദി വനിതകള്‍ക്കിടയില്‍ ഗര്‍ഭധാരണവും പ്രസവവും കുറയുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ വനിതകളില്‍ പകുതിയിലധികവും ഇതുവരെ പ്രവസിക്കാത്തവരാണ്. അവിവാഹിതരായ സ്ത്രീകളുടെ എണ്ണം മുപ്പത്തിയാറ് ശതമാനമായി. വനിതകളില്‍ ഭൂരിഭാഗം പേരും കുടുംബാസൂത്രണ രീതികള്‍ ഉപയോഗിക്കുന്നില്ലെന്നും ഗസ്റ്റാറ്റിന്‍റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
15നും 49നും ഇടയില്‍ പ്രായമുള്ളവരിൽ 52.8% പേരും ഇതുവരെ പ്രസവിക്കാത്തവരാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഈ പ്രായമുള്ള വനിതകള്‍ക്കിടയിലെ വിവാഹത്തിലും കുറവുണ്ടായി. 54.5 ശതമാനമാണ് വിവാഹ നിരക്ക്. ഇവരില്‍ കുടുംബാസൂത്രണ രീതികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 31.1 ശതമാനവും കുടുംബാസൂത്രണ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കാത്തവരുടെ എണ്ണം 68.9 ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു. ഇതേ പ്രായക്കാര്‍ക്കിടയിലെ അവിവാഹിതരുടെ എണ്ണം 35.8 ശതമാനത്തിലെത്തി.
വിവാഹ മോചിതരായ വനിതകളുടെ എണ്ണം 4.3 ഉം, വിധവകളുടെ എണ്ണം 5.4 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് 2 ശതമാനമായും സ്വദേശി വനിതകള്‍ക്കിടയിലെ നിരക്ക് 2.7 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 15നും 18നും ഇടയിലുള്ള പ്രായത്തില്‍ വിവാഹിതരാകുന്ന വനിതകളുടെ എണ്ണം 2.3 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
Adjust Story Font
16

