Quantcast

30 ദിവസത്തിനുള്ളിൽ പുതിയ കണക്ഷൻ!; സൗദിയിൽ ജലവിതരണ സേവനങ്ങൾ ഇനി അതിവേഗം

പരാതികൾക്ക് 10 ദിവസത്തിനകം പരിഹാരം തീർപ്പാക്കണമെന്ന് വ്യവസ്ഥ

MediaOne Logo

Web Desk

  • Published:

    6 April 2026 2:57 PM IST

The Water Authority reduces the service delivery period to 30 days and the complaint period to 10 days
X

റിയാദ്: സൗദി അറേബ്യയിലെ വാട്ടർ ആന്റ് സാനിറ്റേഷൻ മേഖലയിൽ മാറ്റങ്ങളുമായി സൗദി വാട്ടർ അതോറിറ്റി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി പരിഷ്കരിച്ച 'വാട്ടർ ആന്റ് സാനിറ്റേഷൻ സർവീസ് പ്രൊവിഷൻ ഗൈഡ്' പുറത്തിറക്കി. പുതിയ ജല കണക്ഷനുകൾ നൽകാനുള്ള സമയം 60 പ്രവ‍ൃത്തി ദിവസമായിരുന്നത് 30 ദിവസമാക്കി ചുരുക്കി. ശരാശരി 15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.

ഉപഭോക്താക്കളുടെ പരാതികളിൽ സേവന ദാതാക്കൾ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കണം. അതോറിറ്റി ഇടപെടുന്ന പരാതികളിൽ 5 ദിവസമാണ് പരമാവധി സമയം. വാട്ടർ മീറ്ററിലെ റീഡിങ്ങിൽ സംശയമുണ്ടെങ്കിൽ അംഗീകൃതമായ മൂന്നാം കക്ഷി വഴി മീറ്റർ പരിശോധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് ഇനി അനുവാദമുണ്ടാകും. ഇത് സേവനത്തിലെ സുതാര്യത വർധിപ്പിക്കും. ബിൽ കുടിശ്ശികയുണ്ടെങ്കിൽ കടബാധ്യതകൾ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ, കണക്ഷൻ വിച്ഛേദിക്കുന്നതിന് മുമ്പുള്ള മുന്നറിയിപ്പ് കാലാവധി കുറച്ചിട്ടുണ്ട്.

അനധികൃത കണക്ഷനുകൾ കണ്ടെത്തിയാൽ പിഴയും ചെലവും ഈടാക്കാനും കർശന നിർദേശമുണ്ട്. ജലസേചന മേഖലയിലെ നിയന്ത്രണങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിനുമാണ് ഈ പരിഷ്കാരങ്ങളെന്ന് വാട്ടർ സെക്ടർ റെഗുലേഷൻ വൈസ് പ്രസിഡന്റ് ഡോ. ഫഹദ് അബു മുഅ്തി പറഞ്ഞു. പുതിയ നിയമങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ അതോറിറ്റിയുടെ വെബ്സൈറ്റിലെ മാർ​ഗരേഖ പരിശോധിക്കാൻ അധിക‍ൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

TAGS :

Next Story