Quantcast

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പദവി ശരിയാക്കാൻ രണ്ട് മാസം ബാക്കി; പിന്നീട് പിടിക്കപ്പെട്ടാൽ ഉടമകളെ അറസ്റ്റ് ചെയ്യും

സ്‌പോൺസർമാർക്ക് ഭീമമായ സംഖ്യ നൽകിപ്പോന്ന പലരും ഇത്തരത്തിൽ ഔദ്യോഗിക ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ട്. സൗദികളുമായി ചേർന്നോ, സ്വന്തം നിലക്കോ സ്ഥാപനം നടത്താം. അല്ലെങ്കിൽ സൗദികൾക്ക് സ്ഥാപനം വിട്ടുനൽകണം. സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ തയ്യാറാകുന്നവർക്ക് പ്രീമിയം ഇഖാമ നൽകുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    19 Dec 2021 2:40 PM GMT

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പദവി ശരിയാക്കാൻ രണ്ട് മാസം ബാക്കി; പിന്നീട് പിടിക്കപ്പെട്ടാൽ ഉടമകളെ അറസ്റ്റ് ചെയ്യും
X

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പദവി ശരിയാക്കാൻ രണ്ടു മാസമേ ബാക്കിയുള്ളൂവെന്ന് പാസ്‌പോർട്ട് വിഭാഗം. ഫെബ്രുവരി പതിനാറിന് ശേഷം ബിനാമി സ്ഥാപനങ്ങൾ പിടിക്കപ്പെട്ടാൽ ഉടമകളെ അറസ്റ്റ് ചെയ്യും. ലഘൂകരിച്ച നിയമങ്ങളുടെ സാഹചര്യത്തിൽ നൂറുകണക്കിന് സ്ഥാപനങ്ങൾ ഇതിനകം പദവി ശരിയാക്കിയിട്ടുണ്ട്. സൗദിയിലെ സ്ഥാപനങ്ങളിൽ നല്ലൊരു പങ്കും ബിനാമി ബിസിനസാണ്. ഇതു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സൗദിയുടെ പേരിൽ പ്രവാസികൾ കട തുടങ്ങുന്ന രീതിയോട് വിട്ടു വീഴ്ചയുണ്ടാകില്ലെന്ന് ആവർത്തിക്കുകയാണ് ജവാസാത്ത് വിഭാഗം.

2022 ഫെബ്രുവരി പകുതിവരെ തിരുത്തൽ കാലയളവാണ്. ഇതിനുള്ളിൽ ബിനാമി പദവി ശരിയാക്കാം. ഇതിനായി നേരത്തെ അറിയിച്ചിരുന്ന കർശന ചട്ടങ്ങൾ പലതും ഒഴിവാക്കിയിട്ടുണ്ട്. രണ്ടു രീതിയിലാണ് ബിനാമി സ്ഥാപനങ്ങൾക്ക് പദവി മാറാൻ അവസരം. ഒന്ന് സേവന മേഖലയും രണ്ട് കച്ചവട മേഖലയും. റസ്റ്ററന്റ്, കാർഗോ, വർക് ഷോപ് അടക്കമുള്ളവ സേവന മേഖലയിലാണ് വരിക. ഈ മേഖലയിൽ എളുപ്പത്തിൽ ലൈസൻസ് കരസ്ഥമാക്കാനാകും. കച്ചവട മേഖലയിലാണ് കർശനമായ ചട്ടങ്ങൾ ഉണ്ടായിരുന്നത്. കൂടുതൽ സ്ഥാപനങ്ങൾക്ക് അവസരം നൽകാൻ ഇതിലും ഇപ്പോൾ മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യം പത്ത് മില്യൺ റിയാൽ വിറ്റു വരവുള്ള കച്ചവട സ്ഥാപനങ്ങൾക്കായിരുന്നു പദവി മാറ്റാൻ ചട്ടം. ഇതിനു ശേഷം ഇത് രണ്ട് മില്യൺ വിറ്റു വരവുള്ളവർക്കും പദവി മാറ്റാം എന്നാക്കി. നിലവിൽ ഇതിൽ കുറവ് വിറ്റുവരവുള്ളവർക്കും നിക്ഷേപ ലൈസൻസ് അനുവദിക്കുന്നുണ്ട്. ഇതിനകം നൂറുകണക്കിന് മലയാളി സ്ഥാപനങ്ങൾ ബിനാമി ബിസിനസ് ഉപേക്ഷിച്ച് സൗദിയിൽ നിക്ഷേപ ലൈസൻസ് നേടി. ഇവർക്ക് സ്‌പോൺസറില്ലാതെ ബിസിനസ് നടത്താം. നിശ്ചിത ശതമാനം ഫിസുകൾ സർക്കാറിലേക്ക് അടച്ചാൽ മതി.

സ്‌പോൺസർമാർക്ക് ഭീമമായ സംഖ്യ നൽകിപ്പോന്ന പലരും ഇത്തരത്തിൽ ഔദ്യോഗിക ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ട്. സൗദികളുമായി ചേർന്നോ, സ്വന്തം നിലക്കോ സ്ഥാപനം നടത്താം. അല്ലെങ്കിൽ സൗദികൾക്ക് സ്ഥാപനം വിട്ടുനൽകണം. സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ തയ്യാറാകുന്നവർക്ക് പ്രീമിയം ഇഖാമ നൽകുന്നുണ്ട്. നിയമവിധേയമാക്കാനുള്ള അവസാന അവസരത്തിൽ നിന്ന് പ്രയോജനം നേടണമെന്ന് ദേശീയ ബിനാമി വിരുദ്ധ പദ്ധതി കമ്മീഷൻ എല്ലാ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തിരുന്നു. ഫെബ്രുവരിക്ക് ശേഷം രണ്ട് ദശലക്ഷത്തിലധികം വാർഷിക വരുമാനം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളിൽ ആദ്യഘട്ട പരിശോധനയുണ്ടാകും. പിന്നീട് ബാക്കിയുള്ളവയിലും. കാറ്ററിംഗ്, ലോൻട്രി, ബാർബർ, ബ്യൂട്ടി സെന്ററുകൾ, ഇലക്ട്രിസിറ്റി പ്ലംബിങ് ഷോപ്പുകൾ, പഴം പച്ചക്കറിക്കടകൾ, വാഹന റിപ്പയർ വർക്ക് ഷോപ്പുകൾ, പെട്രോൾ സ്റ്റേഷനുകൾ, ബേക്കറികൾ തുടങ്ങിയവ ആദ്യ ഘട്ട പരിശോധനയിൽ ഉൾപ്പെടും. ഈ മേഖലയിലാണ് ബിനാമി സ്ഥാപനങ്ങൾ കൂടുതൽ പ്രവർത്തിക്കുന്നെന്നാണ് സൗദിയുടെ കണക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ 2023ൽ നികുതി വെട്ടിപ്പ് തടയാനുള്ള പരിശോധന തുടങ്ങും. ഇതോടെ ബിനാമി ബിസിനസുകളും തിരിച്ചറിയാൻ സാധിക്കുമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചിരുന്നു.


TAGS :

Next Story