ഹാഷിഷ്, ആംഫെറ്റാമിൻ മയക്കുമരുന്ന് വിൽപന; തബൂക്കിൽ 3 സ്വദേശികൾ പിടിയിൽ
വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്നുകൾ

റിയാദ്: തബൂക്ക് മേഖലയിൽ ഹാഷിഷ്, ആംഫെറ്റാമിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിൽപന നടത്താൻ ശ്രമിച്ച മൂന്ന് സൗദി പൗരന്മാരെ സ്പെഷ്യൽ ഫോഴ്സ് ഫോർ റോഡ് സെക്യൂരിറ്റി പിടികൂടി. മേഖലയിലെ റോഡുകളിൽ നടന്ന പതിവ് പരിശോധനയ്ക്കിടയിലാണ് പ്രതികൾ വലയിലായത്. വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്നുകൾ. മെഡിക്കൽ നിയന്ത്രണത്തിലുള്ള ഗുളികകൾ, ഹാഷിഷ്, ആംഫെറ്റാമിൻ എന്നീ നിരോധിത ലഹരിവസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പിടിയിലായവരെ ചോദ്യം ചെയ്ത ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലഹരിമരുന്ന് കടത്തിനെക്കുറിച്ചോ വിൽപനയെക്കുറിച്ചോ വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് സുരക്ഷാ അധികൃതർ അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിലുള്ളവർക്ക് 911 എന്ന അടിയന്തര നമ്പറിലും മറ്റു മേഖലകളിലുള്ളവർക്ക് 999 എന്ന നമ്പറിലും ബന്ധപ്പെടാം. അതിർത്തി സുരക്ഷാ സേനയെ 994 എന്ന നമ്പറിലും മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തെ 995 എന്ന നമ്പറിലും ബന്ധപ്പെടാം.
Adjust Story Font
16

