മദീന-ജിദ്ദ ഹൈവേയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു
ദമ്പതികളടക്കം ഏഴുപേരാണ് അപകടത്തിൽ പെട്ടത്
ജിദ്ദ: മദീന-ജിദ്ദ ഹൈവേയിൽ വാഹനാപകടത്തിൽ കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. ദമ്പതികളടക്കം ഏഴുപേരാണ് അപകടത്തിൽ പെട്ടത്. വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, മകൻ ആദിൽ (13) എന്നിവരാണ് മരിച്ചത്. മൂന്ന് പെൺമക്കൾ രണ്ട് ആശുപത്രിയിലായി ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി മദീന കഴിഞ്ഞ് അൽ യുത്മ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. രാത്രി പത്തരയോടെ ഇവർ സഞ്ചരിച്ച ജിഎംസി യുകോൺ പുല്ല് കൊണ്ടുപോകുന്ന ട്രക്കിന് പിറകിൽ ഇടിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മദീനയിൽ തന്നെ ഖബറടക്കാനാണ് ശ്രമം. മദീന കെ എം സി സിയുടെ നേതൃത്വത്തിൽ നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തിൽ പെട്ടവരെ പല ആശുപത്രികളിലേക്ക് മാറ്റിയതും ഇവർ ദീർഘദൂര യാത്രയിലായതുമാണ് വിവരം പുറത്തെത്തുന്നത് വൈകാൻ കാരണമായത്. മലപ്പുറം വെള്ളില സ്വദേശിയായ ജലീൽ തിരൂർക്കാടാണ് ഇപ്പോൾ താമസം.
Adjust Story Font
16

