സൗദിയിൽ അമാല പദ്ധതിയിലെ ട്രിപ്പ്ൾ-ബേ തുറന്നു
ആദ്യ ഘട്ടത്തിൽ ആറ് ലോകോത്തര ലക്ഷ്വറി റിസോർട്ടുകൾ

റിയാദ്: സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ പ്രഖ്യാപിച്ച അമാല പദ്ധതിയിലെ ട്രിപ്പ്ൾ-ബേ തുറന്നു. അൽ വജ്ഹിനും നിയോമിനും അടുത്തായി മൂന്ന് ഉൾക്കടലുകൾ ചേരുന്നിടത്താണ് ഈ അത്യാഡംബര പദ്ധതി. ആറ് ലോകോത്തര റിസോർട്ടുകളിൽ ടൂറിസ്റ്റുകളെ വരും ആഴ്ചകളിൽ സ്വീകരിക്കും.
സൗദിയിലെ റെഡ് സീ ഗ്ലോബലിന് കീഴിലാണ് അമാല പദ്ധതി. റിയാദിൽ വെച്ച് റെഡ് സീ ഗ്ലോബലാണ് പദ്ധതിയുടെ ആദ്യ ഘട്ട പൂർത്തീകരണം പ്രഖ്യാപിച്ചത്. തബൂക്ക് പ്രവിശ്യയിലെ അൽ വജ്ഹിനോട് ചേർന്നാണ് അമാല പദ്ധതി പ്രദേശം. ആശ എന്നർഥം വരുന്ന അമാല ലോകത്തെ അത്യാഡംബര ടൂറിസം കേന്ദ്രമായി മാറും.
ആദ്യ ഘട്ടത്തിൽ ആറ് ലോകോത്തര ലക്ഷ്വറി റിസോർട്ടുകൾ തുറക്കും. കൂടാതെ യോട്ട് ക്ലബ്, മറൈൻ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടായ കോറാലിയം, മറീന വില്ലേജ്, റിസോർട്ടുകളെ പ്രകൃതിയിലൂടെ ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്റർ നീളമുള്ള വെൽനെസ് റൂട്ട് എന്നിവയും ഉദ്ഘാടനം ചെയ്യും. ബാക്കിയുള്ള മൂന്ന് റിസോർട്ടുകൾ വരും മാസങ്ങളിൽ തുറക്കും. പദ്ധതി പൂർത്തിയാകുമ്പോൾ മൊത്തം ഒമ്പത് റിസോർട്ടുകളും 1600 ഹോട്ടൽ മുറികളുമാണ് ഇവിടെയുണ്ടാവുക.
പദ്ധതി വഴി അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്ക്. 51 ബില്യൺ റിയാൽ നിക്ഷേപിച്ച ഈ പദ്ധതി വഴി പ്രതിവർഷം 11 ബില്യണിന്റെ വരുമാനമാണ് കണക്ക് കൂട്ടൽ. പൂർണമായും സോളാർ, കാറ്റാടി എന്നിവ വഴിയാണ് വൈദ്യുതി ഉപയോഗപ്പെടുത്തുക. തബൂക്കിൽ നിന്നും മൂന്ന് മണിക്കൂറാണ് ദൂരം. അൽ വജ്ഹ് എയർപോർട്ടിൽ നിന്നാകും എളുപ്പത്തിൽ എത്താനാവുക. ഈ വിമാനത്താവളം പുനർനിർമാണത്തിലാണ്.
Adjust Story Font
16

