ട്രക്കുകൾക്ക് ജിദ്ദയിലേക്ക് പ്രവേശനം; ചരക്ക് നീക്കം വേഗത്തിലാക്കും
ജിസാൻ റോഡ്, റിയാദ് റോഡ്, മദീന റോഡ് എന്നിവയിലൂടെ പ്രത്യേക ട്രാക്കുകളിലൂടെയാണ് ട്രക്കുകൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകുക.

സൗദിയിൽ മുഴുവൻ സമയവും ട്രക്കുകൾക്ക് ജിദ്ദ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും. പ്രധാനപ്പെട്ട മൂന്ന് പാതകൾ വഴി പ്രത്യേക ട്രാക്കുകളിലൂടെ ട്രക്കുകൾക്ക് നഗരത്തിൽ പ്രവേശിക്കാം. ചരക്ക് നീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
തിരക്കേറിയ സമയങ്ങളിൽ ജിദ്ദ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്ക് കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഹൈവേകളിൽ ട്രക്കുകൾക്ക് മുഴു സമയവും സഞ്ചരിക്കാമെങ്കിലും ഗതാഗത കുരുക്കൊഴിവാക്കുന്നതിന്റെ ഭാഗമായി ജിദ്ദ നഗരത്തിലേക്ക് പ്രവേശിക്കാൻ നിശ്ചിത സമയങ്ങളിൽ മാത്രമേ അനുവാദം നൽകിയിരുന്നുള്ളൂ. എന്നാൽ മൂന്ന് പ്രധാന പാതകളിലൂടെ ഇനി മുതൽ ട്രക്കുകൾക്ക് മുഴുസമയവും നഗരത്തിലേക്ക് പ്രവേശിക്കുവാനും നഗരം മുറിച്ച് കടക്കുവാനും അനുവാദം നൽകുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
ജിസാൻ റോഡ്, റിയാദ് റോഡ്, മദീന റോഡ് എന്നിവയിലൂടെ പ്രത്യേക ട്രാക്കുകളിലൂടെയാണ് ട്രക്കുകൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകുക. ചരക്ക് നീക്കം വേഗത്തിലാക്കുന്നതിന്റേയും ലോജിസ്റ്റിക്ക് സേവന നിലവാരം ഉയർത്തുന്നതിന്റേയും ഗതാഗത തടസം ഇല്ലാതാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. ട്രാക്കുകളുടെ വിശദമായ വിവരങ്ങളും പ്രവേശിക്കേണ്ട രീതിയും സംബന്ധിച്ച മാർഗരേഖ ഗതാഗത അതോറിറ്റി വൈകാതെ പുറത്തിറക്കും.
Adjust Story Font
16

