ഉദുഹിയ്യത്ത് കശാപ്പുശാലകളിൽ മാത്രം; നിർദേശങ്ങളുമായി സൗദി പരിസ്ഥിതി മന്ത്രാലയം
മാംസത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണ് ഈ നിർദേശം

റിയാദ്: ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ബലിമൃഗങ്ങളെ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള അംഗീകൃത കശാപ്പുശാലകളിൽ വെച്ച് മാത്രമേ അറുക്കാവൂ എന്ന് സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ശക്തമായി നിർദേശിച്ചു. മാംസത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുമാണ് ഈ നിർദേശം.
മന്ത്രാലയത്തിന് കീഴിലുള്ള കശാപ്പുശാലകളിൽ ആധുനിക സാങ്കേതികവിദ്യകളും വിദഗ്ദ്ധരായ വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. ഇത് മാംസത്തിന്റെ ശുദ്ധി ഉറപ്പാക്കാനും രോഗങ്ങളും അണുബാധകളും പടരുന്നത് തടയാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ഈ കശാപ്പുശാലകൾ എല്ലാം തന്നെ പ്രാദേശികവും അന്തർദേശീയവുമായ വെറ്ററിനറി മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും കൃത്യമായ പരിശോധനകൾക്ക് വിധേയമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അനിയന്ത്രിതമായ സ്ഥലങ്ങളിൽ അറുക്കുന്നത് വഴിയുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതും തടയാൻ ഇത് സഹായിക്കുന്നു. വെറ്ററിനറി പരിശോധനകളിലൂടെ ഏറ്റവും മികച്ചതും ആരോഗ്യപ്രദവുമായ മാംസം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നു. പരിസ്ഥിതി ശുചിത്വം നിലനിർത്താനും പൊതുസുരക്ഷ ഉറപ്പാക്കാനും മലിനീകരണ നിയന്ത്രണത്തിനുമായി മന്ത്രാലയം നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
Adjust Story Font
16

