Quantcast

ഉംറക്കെത്തുന്നവർക്ക് സൗദിയിലെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങൾ വഴിയും യാത്ര ചെയ്യാൻ അനുമതി

തീരുമാനം നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും ഉത്തരവ് വിമാന കമ്പനികൾക്ക് ലഭിക്കാത്തതിനാൽ നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു

MediaOne Logo

Web Desk

  • Published:

    14 Feb 2023 5:54 PM GMT

ഉംറക്കെത്തുന്നവർക്ക് സൗദിയിലെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങൾ വഴിയും യാത്ര ചെയ്യാൻ അനുമതി
X

റിയാദ്: ഉംറ വിസയിലെത്തുന്നവർക്ക് സൗദി അറേബ്യയിലെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങൾ വഴിയും യാത്ര ചെയ്യാൻ അനുമതിയായി. ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു. തീരുമാനം നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും ഉത്തരവ് വിമാന കമ്പനികൾക്ക് ലഭിക്കാത്തതിനാൽ നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു.

നിരവധി പ്രത്യേകതകളോടെയാണ് ഇത്തവണത്തെ ഉംറ സീസണ് ആരംഭിച്ചത്. ഉംറ വിസ കാലാവധി 90 ദിവസമാക്കി ഉയർത്തിയതും ഏത് വിസയിലെത്തുന്നവർക്കും ഉംറ ചെയ്യാൻ അനുമതി നൽകിയതും ഇതിൽ പ്രധാനമാണ്. ഉംറ വിസയിലെത്തുന്നവർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിൽ വന്ന് ഇറങ്ങുവാനും തിരിച്ച് പോകാനും അനുവാദമുണ്ടെന്നും നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ മന്ത്രാലയത്തിൽ നിന്നുള്ള തീരുമാനം പുറത്ത് വന്ന ശേഷവും പല വിമാന കമ്പനികളും ഈ നിർദേശം പാലിച്ചിരുന്നില്ല. ജിദ്ദയിലേക്കല്ലാത്ത വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത നിരവധി തീർഥാടകർക്ക് വിമാന കമ്പനികൾ യാത്ര നിഷേധിക്കുന്നതായി പരാതി ഉയർന്നിരുന്നു. പുതിയ തീരുമാനം സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു വിമാന കമ്പനികൾ ഇതിന് കാരണമായി പറഞ്ഞിരുന്നത്. ഈ പ്രശ്‌നത്തിനാണ് ഇപ്പോൾ പരിഹാരമായത്.

എല്ലാ അന്താരാഷ്ട്ര വിമാനത്താവളം വഴിയും ഉംറ തീർഥാകർക്ക് സൗദിയിലേക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും അനുവാദമുണ്ടെന്ന് ഗാക്ക വിമാന കമ്പനികൾക്കയച്ച പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വിമാന കമ്പനികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു. എങ്കിലും ടിക്കറ്റെടുക്കുന്നതിന് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് യാത്രക്കാർ ഉറപ്പ് വരുത്തുന്നത് ഉചിതമായിരിക്കും.


Umrah pilgrims are allowed to travel through all international airports in Saudi Arabia

TAGS :

Next Story