ഹജ്ജ്; പുണ്യസ്ഥലങ്ങളിൽ എൽ.പി.ജി സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു
മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നിരോധനം
ജിദ്ദ: ഹജ്ജിനോടനുബന്ധിച്ച് തീർഥാടകരുടെ താൽക്കാലിക താമസകേന്ദ്രങ്ങളിലും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഓഫീസുകളിലും എല്ലാത്തരം എൽ.പി.ജി സിലിണ്ടറുകളും കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും പൂർണമായി നിരോധിച്ചു. പുണ്യസ്ഥലങ്ങളിൽ ഉണ്ടായേക്കാവുന്ന തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനായുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സിവിൽ ഡിഫൻസ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗൾഫിലെ ദുൽഹിജ്ജ മാസം ഒന്നാം തീയതിയായ ഇന്ന് രാവിലെ മുതൽ നിരോധനം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായി സിവിൽ ഡിഫൻസ് അറിയിച്ചു.
നിരോധനം ലംഘിച്ച് പുണ്യസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന എല്ലാത്തരം ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്ത് കണ്ടുകെട്ടുമെന്നും നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. തീർഥാടകരുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി കർശനമായ നിരീക്ഷണങ്ങളും പരിശോധനകളും പ്രത്യേക സംഘങ്ങൾ നടത്തും. മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലെ എല്ലാ ക്യാമ്പുകളിലും സ്ഥാപനങ്ങളിലും ഗ്യാസ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പരിശോധനകൾ വ്യാപിപ്പിക്കും.
Adjust Story Font
16

