സൗദിയിലെ ടൂറിസ്റ്റ് മാർഗനിർദേശങ്ങൾ ലംഘിച്ചാൽ 25,000 റിയാൽ വരെ പിഴ
ഭേദഗതികൾ അംഗീകരിച്ച് സൗദി ടൂറിസം മന്ത്രാലയം

റിയാദ്: സൗദിയിലെ ടൂറിസ്റ്റ് മാർഗനിർദ്ദേശ ചട്ടങ്ങൾ ലംഘിച്ചാൽ 25,000 റിയാൽ വരെ പിഴ. പിഴ ഷെഡ്യൂളിലെ ഭേദഗതികൾ ടൂറിസം മന്ത്രാലയം അംഗീകരിച്ചു. ടൂർ ഗൈഡിംഗുമായി ബന്ധപ്പെട്ട ഗുരുതര ലംഘനങ്ങൾക്കാണ് പിഴ ചുമത്തുക.
പുതിയ ഭേദഗതി അനുസരിച്ച്, സാധുവായ ലൈസൻസില്ലാതെ ടൂർ ഗൈഡ് പ്രവർത്തനം നടത്തുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലംഘനം. ലൈസൻസ് കാലഹരണപ്പെട്ട ശേഷവും റദ്ദാക്കിയതിനുശേഷവും അല്ലെങ്കിൽ അതിന്റെ സസ്പെൻഷൻ കാലയളവിലും പ്രവർത്തനം തുടരുന്നതാണ് ഇതിൽ ഉൾപ്പെടുക.
മൂന്നാം കക്ഷികൾക്ക് ലൈസൻസ് ഉപയോഗിക്കാൻ നൽകുക, ടൂറിസ്റ്റുകൾക്ക് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുക, പ്രത്യേകിച്ച് രാജ്യത്തിന്റെ പ്രശസ്തിയെയോ ടൂറിസം താൽപ്പര്യങ്ങളെയോ ദോഷകരമായി ബാധിക്കുന്ന വിവരങ്ങൾ നൽകുക എന്നിവയും ഈ വിഭാഗത്തിലെ ലംഘനങ്ങളിൽ ഉൾപ്പെടുന്നു, ഇവയും ഗുരുതര ലംഘനങ്ങളായി കണക്കാക്കപ്പെടും.
ലൈസൻസ് ഇല്ലാതിരിക്കുക, നിലവിലുള്ള ബാധ്യതകൾ നിറവേറ്റിയ ശേഷം പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് മന്ത്രാലയത്തെ മുൻകൂട്ടി അറിയിക്കാതിരിക്കുക എന്നിവയുൾപ്പെടെയുള്ള ലംഘനങ്ങൾക്ക് 500 മുതൽ 2,000 റിയാൽ വരെ പിഴ ചുമത്തും. ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരമില്ലാതെയോ അനുവദനീയമായ പരിധിക്ക് പുറത്തോ സേവനങ്ങൾ നൽകുന്ന ഗൈഡുകൾക്കും മന്ത്രാലയത്തിൽ അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുന്നവർക്കും യാത്രയുടെ സ്വഭാവത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കാത്തവർക്കും ഈ പിഴകൾ ബാധകമാണ്.
സൈനിക, അതിർത്തി, കസ്റ്റംസ് മേഖലകൾ സന്ദർശിക്കുമ്പോൾ ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ടൂർ ഗൈഡ് സേവനങ്ങൾ നൽകുന്നതിന് നിയന്ത്രണമുണ്ടാകും. ആ സ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിനടക്കമാണ് നിയന്ത്രണം. ഇത്തരം ലംഘനങ്ങൾക്ക് 5,000 മുതൽ 15,000 റിയാൽ വരെയാണ് പിഴ.
ലംഘനം കണ്ടെത്തിയാൽ 10,000 റിയാലിൽ കൂടാത്ത അടിയന്തര പിഴ ചുമത്താൻ ടൂറിസം ഇൻസ്‌പെക്ടർമാർക്ക് അധികാരമുണ്ടെന്ന് പുതിയ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. അടിയന്തര പിഴകൾ ഒഴികെയുള്ള മറ്റെല്ലാ പിഴകളും നൽകുക ലംഘന അവലോകന സമിതിയാണ്
ചെറിയ ലംഘനങ്ങൾക്ക് മാത്രമേ മുന്നറിയിപ്പുണ്ടാകുകയുള്ളൂ. മുന്നറിയിപ്പിന് ശേഷം ലംഘനം പരിഹരിക്കുന്നതിന് നിയമലംഘകന് തിരുത്തൽ കാലയളവ് നൽകും. ആ കാലയളവിനുശേഷം ലംഘനം തിരുത്തിയില്ലെങ്കിൽ പിഴ ഈടാക്കും. ലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുണ്ടാകില്ല. മുമ്പത്തെ ലംഘനത്തിന്റെ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ലംഘനം നടത്തിയാൽ അത് ആവർത്തനമായി കണക്കാക്കും.
നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഷൻ കാലയളവ് പരമാവധി ഒരു വർഷമായി വർധിപ്പിക്കും. പരമാവധി പിഴത്തുകയിലേറെ ആകുന്നില്ലെങ്കിൽ പിഴ ഇരട്ടിയാക്കും. സാമ്പത്തികമല്ലാത്ത മൂന്ന് ലംഘനങ്ങൾ ഉണ്ടായാൽ, 60 ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. നാലാമത്തെ ലംഘനം ഉണ്ടായാൽ, ലൈസൻസ് ശാശ്വതമായി റദ്ദാക്കും.
പുതിയ നിയമപ്രകാരം കുറഞ്ഞ പിഴയിലാണ് ശിക്ഷ തുടങ്ങുക. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ക്രമേണ പിഴ വർധിപ്പിക്കും. പരമാവധി പിഴ യഥാർഥ പിഴയുടെ അഞ്ചിരട്ടിയോ പത്ത് ലക്ഷം റിയാലോ കവിയരുത്, ഏതാണ് ആദ്യം വരുന്നത് എന്നതിന് അനുസരിച്ചായിരിക്കുമിത്. ലംഘനത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച്, ഒരു സാമ്പത്തിക പിഴ മാത്രമോ രണ്ടും കൂടിച്ചേർന്നോ ചുമത്തുന്നത് കമ്മിറ്റിക്ക് പരിഗണിക്കാം.
ലംഘനം കണ്ടെത്തിയതിനുശേഷമോ കമ്മിറ്റി തീരുമാനം പുറപ്പെടുവിച്ചതിനുശേഷമോ നിയമലംഘകൻ ലംഘനം തുടരുകയാണെങ്കിലും പണി കിട്ടും. ലംഘനം തുടരുന്ന ഓരോ ദിവസത്തിനും അധിക പിഴ ചുമത്താൻ ലംഘന അവലോകന കമ്മിറ്റിക്കാകും.
Adjust Story Font
16

