വെറുപ്പിന്റെ ഫാക്ടറി സൗദിയിൽ വേണ്ട! നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
സമൂഹ മാധ്യമ പോസ്റ്റുകൾ പരിശോധിക്കും

റിയാദ്: സൗദിയിൽ വ്യക്തികൾക്കും ഗോത്രങ്ങൾക്കും ജനങ്ങൾക്കുമിടയിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഫോളോവേഴ്‌സിനെ വർധിപ്പിക്കാൻ വേണ്ടി മാത്രം വിദ്വേഷ വാദങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും വാർത്താ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ഉള്ളടക്കങ്ങൾ പരിശോധിക്കുന്നത് തുടരുകയാണെന്നും സൗദി മാധ്യമമന്ത്രി സൽമാൻ അൽ ദോസരി മുന്നറിയിപ്പ് നൽകി.
സാമൂഹിക സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന പ്രവർത്തനങ്ങൾ പാടില്ലെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സൗദി മാധ്യമമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം പ്രധാനപ്പെട്ട മൗലികാവകാശം തന്നെയാണ്. അതേസമയം, സാമൂഹിക സുരക്ഷക്ക് ഹാനികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചാൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അൽ ദോസരി പറഞ്ഞു. ഇത്തരം ഉള്ളടക്കം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വ്യക്തികൾക്കെതിരെ ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും മന്ത്രി ഓർമിപ്പിച്ചു. റിയാദ് വിമാനത്താവളത്തിൽ വിമാനം വൈകിയ പശ്ചാത്തലത്തിൽ യാത്രക്കാർ നടത്തിയ വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇത്തരം ന്യായമായ വിമർശനങ്ങളും കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രകോപനങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Adjust Story Font
16

