വേസ്റ്റ് പാഴാകില്ല!; സൗദിയിൽ 2024ൽ മാത്രം പുനരുപയോഗിച്ചത് 4 ലക്ഷം ടൺ മാലിന്യം
രാജ്യത്ത് ഉത്പാദിപ്പിക്കപ്പെട്ട ആകെ മാലിന്യം 13.5 കോടി ടൺ

റിയാദ്: 2024 സാമ്പത്തിക വർഷത്തിൽ മാത്രം സൗദിയിൽ 4 ലക്ഷം ടൺ മാലിന്യം പുനരുപയോഗിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെട്ട ആകെ മാലിന്യമായ 13.5 കോടി ടണ്ണിന്റെ 25 ശതമാനമാണിത്. കാർഷികം,വനം, മത്സ്യബന്ധനം എന്നീ മേഖലകളാണ് പുനരുപയോഗിച്ച മാലിന്യത്തിന്റെ 64.8 ശതമാനവും കൈകാര്യം ചെയ്തത്.
രാജ്യത്തെ മാലിന്യ ഉത്പാദനത്തിൽ 2023നെ അപേക്ഷിച്ച് വൻ വർധനവാണുണ്ടായത്.11.14 കോടി ടൺ ആയിരുന്നു 2023ലെ ശേഖരം. മാലിന്യത്തിന്റെ 38.5 ശതമാനം ലാൻഡ്ഫില്ലിലേക്കും 12 ശതമാനം പ്രത്യേക കമ്പനികൾ വഴി പരിപാലിച്ച് നീക്കം ചെയ്തും 24.4 ശതമാനം മറ്റു രീതികളിലൂടെയും നിർമാർജനം ചെയ്തു.
കാർഷിക-വന-മത്സ്യബന്ധന മേഖലയിൽ 4.69 കോടി ടൺ മാലിന്യമാണ് രേഖപ്പെടുത്തിയത്. നിർമാണ മേഖലയിൽ 3.22 കോടി ടൺ, വീട്ടുമാലിന്യം 2.05 കോടി ടൺ, നിർമാണ വ്യവസായങ്ങളിൽ 1.83 കോടി ടൺ എന്നിങ്ങനെയായിരുന്നു മാലിന്യ ഉത്പാദനം. ഓർഗാനിക് മാലിന്യം 6.17 കോടി ടൺ (45.7%), നിർമാണ മെറ്റീരിയൽ മാലിന്യം 3.08 കോടി ടൺ (22.8%), പ്ലാസ്റ്റിക് മാലിന്യം 78 ലക്ഷം ടൺ (5.8%) എന്നിങ്ങനെയാണ് വിവിധ തരം മാലിന്യങ്ങളുടെ അളവ്.
വ്യവസായ മാലിന്യം 2024-ൽ 2.67 കോടി ടണ്ണായി ഉയർന്നു. ഇതിൽ 68.6 ശതമാനം നിർമാണ വ്യവസായങ്ങളിൽനിന്നും 26.4 ശതമാനം ഖനന-ക്വാറി പ്രവർത്തനങ്ങളിൽനിന്നും 5 ശതമാനം വൈദ്യുതി-ഗ്യാസ്-എയർ കണ്ടീഷനിങ് മേഖലകളിൽനിന്നുമാണ്. മുനിസിപ്പൽ സോളിഡ് വേസ്റ്റ് 2.6 കോടി ടണ്ണായും ഉയർന്നു. ഒരാൾക്ക് ശരാശരി ദൈനംദിന ഖരമാലിന്യ ഉൽപാദനം 2.02 കിലോഗ്രാം എന്ന രീതിയിൽ വളർച്ച പ്രാപിച്ചു. 2023-ൽ ഇത് 1.93 കിലോഗ്രാം ആയിരുന്നു.
Adjust Story Font
16

