Quantcast

റിയാദിൽ ലോക ഈന്തപ്പഴമേള; സന്ദർശകത്തിരക്കേറുന്നു

മേള നാളെ അവസാനിക്കും

MediaOne Logo

Web Desk

  • Published:

    3 Dec 2025 7:55 PM IST

റിയാദിൽ ലോക ഈന്തപ്പഴമേള; സന്ദർശകത്തിരക്കേറുന്നു
X

റിയാദ്: റിയാദിൽ നടക്കുന്ന 'വേൾഡ് ഓഫ് ഡേറ്റ്സ്' ഈന്തപ്പഴമേള സന്ദർശകരാൽ സജീവമാവുകയാണ്. കിങ് സഊദ് യൂനിവേഴ്‌സിറ്റി കാമ്പസിൽ കഴിഞ്ഞ മാസം 25-ന് ആരംഭിച്ച മേള സൗദിയിലെ ഈന്തപ്പഴങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പ്രദർശന-വിൽപന കേന്ദ്രമായി മാറിയിരിക്കുന്നു. റിയാദ്, അൽ ഖസീം, മദീന, ഹാഇൽ, അൽ ജൗഫ്, അൽ അഹ്സ തുടങ്ങി സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള കർഷകരും വ്യാപാരികളും ഇവിടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. അജ്വ, സുക്കരി, മബ്‌റൂമ്, സാരി, റബീഅ, അംബർ, മജ്ഹുൽ, സഫാവി, അൽഖലാസ് തുടങ്ങിയ വിവിധയിനം ഈന്തപ്പഴങ്ങൾ ഇവിടെ പരിചയപ്പെടാനും രുചിച്ചറിയാനും വാങ്ങാനും സന്ദർശകർക്ക് അവസരമുണ്ട്.

ഫെസ്റ്റിന്റെ ഭാഗമായി ഈന്തപ്പഴ വിൽപനയ്ക്ക് പുറമെ സൗദിയുടെ സമ്പന്നമായ ഭക്ഷണ-സാംസ്‌കാരിക പൈതൃകം നേരിട്ടറിയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അറേബ്യൻ ഗഹ്വ, ഈന്തപ്പഴ സിറപ്പുകൾ, ബേക്കറി ഉൽപന്നങ്ങൾ, മിലാഫ് കോള, ഖിൽജ ബിസ്‌കറ്റ് തുടങ്ങിയ തനത് വിഭവങ്ങളും മേളയിൽ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, സൗദി കലാകാരന്മാർ അവതരിപ്പിക്കുന്ന അർദ, ദഫ് പോലുള്ള പരമ്പരാഗത കലാപ്രകടനങ്ങൾ, കവിയരങ്ങുകൾ, സ്റ്റേജ് ഷോകൾ, ലൈവ് ചിത്രരചനാ പവലിയനുകൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, പഠന-ഗവേഷണ സെമിനാറുകൾ തുടങ്ങിയ സാംസ്‌കാരിക പരിപാടികളും നടക്കുന്നുണ്ട്. മലയാളികൾ അടക്കമുള്ള നിരവധി സന്ദർശകർ മേളയുടെ ഭാഗമാകാൻ എത്തുന്നുണ്ട്.

സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയമാണ് മേള സംഘടിപ്പിക്കുന്നത്. ഈ മാസം 4 വരെയാണ് മേള തുടരുക. വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് സന്ദർശന സമയം. വി ബുക്ക് ആപ്പ് വഴി പ്രവേശനം സൗജന്യമാണ്. റിയാദിലെ ഈന്തപ്പഴ മധുരം ആസ്വദിക്കാനും സൗദി സംസ്‌കാരം അടുത്തറിയാനുമുള്ള മികച്ച അവസരമായാണ് ഈ വേൾഡ് ഓഫ് ഡേറ്റ്സ് ഫെസ്റ്റിനെ വിലയിരുത്തുന്നത്.

TAGS :

Next Story