അബൂദബിയിൽ ജൂത പുരോഹിതനെ കൊലപ്പെടുത്തിയ കേസ്: മൂന്ന് പ്രതികൾക്ക് വധശിക്ഷ
പ്രധാനപ്രതികളിൽ മൂന്ന് പേരും ഉസ്‌ബെക് പൗരൻമാരാണ്

അബൂദബി: അബൂദബിയിൽ ജൂത പുരോഹിതൻ സാവി കോഗനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. നാലാം പ്രതി ജീവപര്യന്തം തടവ് അനുഭവിക്കണം. കഴിഞ്ഞ നവംബറിൽ മോൾദോവൻ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സാവി കോഗൻ കൊല്ലപ്പെട്ട കേസിലാണ് അബൂദബി ഫെഡറൽ കോടതിയുടെ രാജ്യസുരക്ഷാ വിഭാഗം ശിക്ഷവിധിച്ചത്. പ്രധാനപ്രതികളിൽ മൂന്ന് പേരും ഉസ്‌ബെക് പൗരൻമാരാണ്. കൊലപാതകത്തിന് ശേഷം രാജ്യംവിട്ട ഇവരെ തുർക്കിയിൽ നിന്നാണ് പിടികൂടി യു.എ.ഇയിലെത്തിച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു സാവി കോഗന്റേത്. കൊലപാതകത്തിന് സഹായം ചെയ്തു എന്ന കുറ്റത്തിനാണ് നാലാം പ്രതിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. കൊലപാതകം ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ പ്രതികൾക്ക് ഫെഡറൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ടാകും.
Adjust Story Font
16

