8 തവണ അബോർഷൻ; 41ാം വയസ്സിൽ പെൺകുഞ്ഞ് പിറന്ന സന്തോഷത്തിൽ അബൂദബിക്കാരി
ജനിക്കുമ്പോൾ കുഞ്ഞിന് 1.99 കിലോഗ്രാം ഭാരമുണ്ടായിരുന്നു

അബൂദബി: 8 തവണ ഗർഭധാരണം പരാജയപ്പെട്ടതിന് ശേഷം, 41 കാരിയായ അബൂദബി സ്വദേശിനി അഫ്റ അൽ ഖതീരി പെൺകുഞ്ഞിന് ജന്മം നൽകി. അബൂദബിയിലെ കോർണിഷ് ഹോസ്പിറ്റലിൽ 35-ാം ആഴ്ചയിൽ സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്. ജനിക്കുമ്പോൾ കുഞ്ഞിന് 1.99 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പ്രത്യേക പരിചരണത്തിന് ശേഷം, കുഞ്ഞിന്റെ ഭാരം 2 കിലോഗ്രാമിൽ എത്തിയതോടെ അമ്മയും കുഞ്ഞും ഏകദേശം രണ്ട് ആഴ്ചക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. അപൂർവമായ ജനിതക ഘടനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം സങ്കീർണമായ ഗർഭധാരണമായിരുന്നു ഇവരുടെത്. അഫ്റ അൽ ഖതീരിയും ഭർത്താവും വൃക്കരോഗങ്ങൾക്ക് കാരണമാകുന്ന EXOC3L2 ജനിതക ഘടനയുള്ളവരാണ്. കൂടാതെ അവർക്ക് എൻഡോമെട്രിയോസിസുമുണ്ടായിരുന്നു.
പ്രീ-ഇംപ്ലാന്റേഷൻ ജനിതക പരിശോധനയോടുകൂടിയ ഐ.വി.എഫ് വഴിയാണ് ഈ ഗർഭധാരണം സാധ്യമായത്. ഗർഭകാലത്ത് ഗർഭപാത്രത്തിലെ തകരാറുകൾ, ജെസ്റ്റേഷണൽ പ്രമേഹം തുടങ്ങി വിവിധ സങ്കീർണതകൾ നേരിടേണ്ടി വന്നിരുന്നു. ബഹുമുഖ സഹകരണത്തിന്റെയും നൂതന ക്ലിനിക്കൽ വൈദഗ്ധ്യത്തിന്റെയും വിജയമാണ് ഈ അപൂർവകേസ് എന്ന് കോർണിഷ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സലീമ വാനി പറഞ്ഞു. യുഎഇയിലുടനീളമുള്ള കുടുംബങ്ങൾക്ക് കോർണിഷ് ഹോസ്പിറ്റലിലുള്ള ആഴത്തിലുള്ള വിശ്വാസമാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16

