Quantcast

എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ നിർത്തിയതോടെ നാട്ടിലെത്താനാകാതെ വലഞ്ഞ് യു.എ.ഇയിലെ കിടപ്പുരോഗികൾ

സ്ട്രച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ട നിരവധി പേരാണ്​ നാടണയാനാകാതെ കഴിയുന്നത്

MediaOne Logo

Web Desk

  • Published:

    25 April 2023 5:15 PM GMT

air india, UAE News
X

എയർ ഇന്ത്യ

ദുബൈ: യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക്​ എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ സർവീസ് ​നിർത്തിയതോടെ നാട്ടിലെത്താനാകാതെ വലഞ്ഞ്​ കിടപ്പുരോഗികൾ. സ്ട്രച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ട നിരവധി പേരാണ്​ നാടണയാനാകാതെ കഴിയുന്നത്​. കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ പ്രശ്​നത്തിൽ അടിയന്തരമായി ഇടപെടണമെന്ന്​ സാമൂഹിക പ്രവർത്തകരും പ്രവാസി കൂട്ടായ്​മകളും ആവശ്യപ്പെട്ടു.

മാസത്തിൽ 15മുതൽ 20 രോഗികളെ വരെയാണ്​ യു.എ.ഇയിൽ നിന്ന് ​സ്​ട്രച്ചർ സംവിധാനം മുഖേന നാട്ടിലെത്തിച്ചിരുന്നത്​. ഇപ്പോൾ ഗുരുതരരോഗം ബാധിച്ചവരെ പോലും​ നാട്ടിലേക്കയക്കാനാവാത്ത സ്​ഥിതിയാണ്​. ആശുപത്രിയിൽ നിന്ന്​ ഡിസ്​ചാർജ്​ ചെയ്തിട്ടും നാട്ടിലേക്ക്​ പോകാനാവാതെ കുടുങ്ങിയിരിക്കുകയാണ്​ ഗുരുതരരോഗം ബാധിച്ച പ്രവാസികൾ.

എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളിലും എമിറേറ്റ്​സ്​ എയർലൈനിലുമാണ് ​കേരളത്തിലേക്ക്​ കിടപ്പിലായ രോഗികളെ അയച്ചിരുന്നത്​. എയർ ഇന്ത്യയിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ രോഗികളെ നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നു. എമിറേറ്റ്​സ്​ ഉൾപ്പെടെയുള്ള വിമാനങ്ങളിൽ ഇതിന്​ ഉയർന്ന തുകയാണ്​ ഈടാക്കുന്നത്​.കഴിഞ്ഞ മാസം എയർ ഇന്ത്യയുടെ കോഴിക്കോട് ​വിമാനങ്ങൾ നിർത്തിയതോടെയാണ്​ രോഗികൾ പ്രതിസന്ധിയിലായത്​. ഇതിന്​പിന്നാലെ കൊച്ചിയിലേക്ക് ​എയർ ഇന്ത്യയുടെ വലിയ വിമാനത്തിന്​പകരം ചെറിയ വിമാനം ഏർപെടുത്തുകയും ചെയ്തു.

നിലവിൽ യു.എ.ഇയിൽനിന്ന്​കേരളത്തിലേക്ക്​സർവീസ്​നടത്തുന്ന ഏക എയർ ഇന്ത്യവിമാനം ഇതാണ്​. എന്നാൽ, ചെറിയ വിമാനമായതിനാൽ മാസത്തിൽ രണ്ടോ മൂന്നോ രോഗികളെ മാത്രമാണ് ​ഇതിൽ കയറ്റാനാവുക​. വിമാനത്തിന്‍റെ ഒമ്പത്​ സീറ്റുകൾ മാറ്റിവെച്ചാണ്​ കിടപ്പുരോഗികൾക്ക് ​സൗകര്യമൊരുക്കുന്നത്​. കേരളത്തിലേക്ക്​എയർ ഇന്ത്യ എക്​സ്​പ്രസ് ​സർവീസ്​നടത്തുന്നുണ്ടെങ്കിലും ഇതിൽ സ്​ട്രച്ചർ സംവിധാനമില്ല.

TAGS :

Next Story