ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും ദിവസേന 2 മണിക്കൂർ ഇളവ്; അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് പുതിയ തൊഴിൽ നിയമം
പുതിയ നിയമം സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരും

ദുബൈ: അജ്മാനിലെ ഗവൺമെന്റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി. പ്രത്യേക ജീവനക്കാർക്ക് ജോലി സമയം കുറയ്ക്കുകയും പുതിയ അവധി രീതികളും ഉൾപ്പെടെ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിതല ഉത്തരവുപ്രകാരം പുറത്തിറക്കിയ 2026-ലെ നാലാം നമ്പർ നിയമം 2026 സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
കുടുംബ സംരക്ഷണം, സംരംഭകത്വം, ഭിന്നശേഷിക്കാർ, വിവാഹം എന്നിവയ്ക്കായി പുതിയ തരം അവധികളാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ നിശ്ചിത വിഭാഗങ്ങളിൽപെട്ട ജീവനക്കാർക്ക് ജോലി സമയത്തിൽ വലിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് ജോലി സമയത്തിൽ പ്രതിദിനം 2 മണിക്കൂർ ഇളവ് ലഭിക്കും. ഗർഭിണികളായ ജീവനക്കാർക്കും ക്ഷീണമോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രതിദിനം 2 മണിക്കൂർ ഇളവ് അനുവദിക്കും. അംഗീകൃത മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ഇളവ് ലഭിക്കുക.
18 വയസ്സിന് താഴെയുള്ള 5 കുട്ടികളെയോ അതിൽ കൂടുതലോ സംരക്ഷിക്കുന്ന ജീവനക്കാർക്ക് പ്രതിദിനം 1 മണിക്കൂർ ജോലി സമയം കുറച്ചു നൽകും. ഗവൺമെന്റ് സ്ഥാപനങ്ങളിലെ എല്ലാ സിവിൽ ജീവനക്കാർക്കും പ്രത്യേകമായി മറ്റ് നിയമങ്ങൾ ബാധകമല്ലാത്ത മുതിർന്ന മാനേജ്‌മെന്റ് ഉദ്യോഗസ്ഥർക്കും ഈ ആനുകൂല്യങ്ങൾ ബാധകമായിരിക്കും. ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനും ജീവനക്കാർക്ക് മികച്ച തൊഴിലന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ട് ആകർഷകമായ കരിയർ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് ഒരേസമയം മൂന്ന് തൊഴിൽ ഗ്രേഡുകൾ വരെ പ്രൊമോഷൻ നൽകാൻ നിയമം അനുശാസിക്കുന്നു.
സ്വദേശികളായ ജീവനക്കാർക്കായി പുതിയ 'ഗുഡ് സർവീസ് അവാർഡും' ഏർപ്പെടുത്തിയിട്ടുണ്ട്. 'കുടുംബ വർഷം' എന്ന ലക്ഷ്യത്തിന് അനുസൃതമായി കുടുംബ ഭദ്രതയും സാമൂഹിക വികസനവും മുൻനിർത്തിയാണ് നിയമ പരിഷ്‌കാരങ്ങൾ. പുതിയ നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജീവനക്കാരുടെ നയങ്ങൾ വിലയിരുത്താനുമുള്ള പൂർണ ചുമതല അജ്മാൻ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റിനായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

