Quantcast

മാലാഖയെ പോലെ ഒരു എയർഹോസ്റ്റസ്; കണ്ണുനിറച്ച് പ്രവാസിയുടെ കുറിപ്പ്

ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹിയ തളങ്കരയാണ് ഹൃദ്യമായ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്

MediaOne Logo

Web Desk

  • Published:

    11 April 2025 10:18 PM IST

മാലാഖയെ പോലെ ഒരു എയർഹോസ്റ്റസ്; കണ്ണുനിറച്ച് പ്രവാസിയുടെ കുറിപ്പ്
X

എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറി എന്ന വാർത്തകളാണ് പലപ്പോഴും നമ്മൾ കേൾക്കാറുള്ളത്. എന്നാൽ, യാത്രക്കാരന്റെ വിശപ്പിന്റെ വിലയറിഞ്ഞ് പെരുമാറി കണ്ണുനനയിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് എയർഹോസ്റ്റിന്റെ ഹൃദ്യമായ പെരുമാറ്റത്തിന്റെ അനുഭവം ഫേസ്ബുക്കിൽ പങ്കുവെക്കുകയാണ് ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹിയ തളങ്കര. ഭാര്യാ സഹോദരൻ ഹാഷിമിന്റെ മരണവാർത്തയറിഞ്ഞ് അടിയന്തിരമായി നാട്ടിലേക്ക് പുറപ്പെടുമ്പോൾ ഭക്ഷണം പോലും കഴിക്കാതെയാണ് കഴിഞ്ഞദിവസം ദുബൈയിൽ നിന്ന് മംഗലാപുരത്തേക്കുള്ള വിമാനത്തിൽ കയറിയത്. പെട്ടെന്ന് ടിക്കറ്റെടുത്തുള്ള യാത്രയായതിനാൽ ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാനോ കൈയിൽ കരുതാനോ സാധിച്ചിരുന്നില്ല. വിമാനത്തിൽ കയറിയ ഉടനെ കണ്ട എയർഹോസ്റ്റിസിനോട് ഞാൻ ഇക്കാര്യം പറഞ്ഞു. നല്ല വിശപ്പുണ്ട്, ഭക്ഷണം എന്തെങ്കിലും ബാക്കി വന്നാൽ തരണം, പണമടക്കാൻ തയാറാണെന്ന്. നോക്കാമെന്ന് അവർ മറുപടി നൽകി.

ഭക്ഷണപാക്കറ്റുകളെല്ലാം പ്രീബുക്ക്ഡ് ആയതിനാൽ ബാക്കി വരാൻ തീരെ സാധ്യതയില്ല. ഭാര്യസഹോദരന്റെ വിയോഗത്തിന്റെ വേദനക്കൊപ്പം അസഹ്യമായ വിശപ്പും കൂടി എന്നെ വല്ലാതെ വലച്ചു. പൊടുന്നനെ ഞാൻ നേരത്തേ സംസാരിച്ച എയർഹോസ്റ്റ്‌സ് ഒരു ട്രേയിൽ ഇഡലിയും വടയുമായി അടുത്തെത്തി. ഇത് കഴിച്ചോളൂ എന്ന് പറഞ്ഞു. എത്ര പണമടക്കണം എന്ന് ഞാൻ ചോദിച്ചു. അതിന്റെ ആവശ്യമില്ല, ഇത് ഞാൻ എനിക്ക് വേണ്ടി കരുതിയ ഭക്ഷണമാണ്. ഈ പുലർവേളയിൽ ഒരാൾക്ക് നന്മ ചെയ്യാൻ അവസരം നൽകിയതിന് ഞാൻ താങ്കൾക്ക് നന്ദി പറയുന്നുവെന്ന് അവർ പറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. ഇപ്പോഴും നമുക്കിടയിൽ മലാഖമാരപ്പോലെ എയർഹോസ്റ്റസുമാരുണ്ടല്ലോ എന്ന് ഓർത്തുപോയി. ഞാനവർക്ക് നന്ദി പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിച്ചു. അശ്വതി എന്നോ അശ്വിന എന്നോ മറ്റോ ആണ് ആ എയർ ഹോസ്റ്റസിന്റെ പേര്. എനിക്ക് കൃതമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ല.

യഹിയ തളങ്കരയുടെ ഇംഗ്ലീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ചുവടെ


TAGS :

Next Story