"അയൽരാജ്യങ്ങളുടെ പരമാധികാരം മാനിക്കണം, ഇറാന്റെ അമിത താൽപര്യങ്ങൾക്ക് അറബ് മേഖല കനത്ത വില നൽകേണ്ടിവരുന്നു" -ഡോ.അൻവർ ഗർഗാഷ്
നല്ല അയൽപക്ക ബന്ധം പുലർത്താൻ തയ്യാറാകണമെന്നും ഇറാനോട് ഗർഗാഷ്

ദുബൈ: ഇറാന്റെ അമിതമായ പ്രാദേശിക താൽപര്യങ്ങൾ കാരണം അറബ് മേഖല ഒന്നടങ്കം കനത്ത വില നൽകേണ്ടിവരികയാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ.അൻവർ ഗർഗാഷ്. അയൽരാജ്യങ്ങളുടെ പരമാധികാരം മാനിച്ചും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെയും നല്ല അയൽപക്ക ബന്ധം പുലർത്താൻ ഇറാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയായിരുന്നു പ്രതികരണം.
അറേബ്യൻ ഗൾഫ് മുതൽ യമൻ, ലെബനാൻ, ഇറാഖ് വരെയുള്ള മേഖലകളിൽ നിലനിൽക്കുന്ന അസ്ഥിരതയ്ക്ക് കാരണം പ്രാദേശിക സുരക്ഷയെ തകർക്കുന്ന ഇറാന്റെ വിപുലീകരണ നയങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെ ഒരു രാജ്യത്തിന്റെയും പങ്ക് മറ്റ് രാജ്യങ്ങളുടെ സുരക്ഷയോ സ്ഥിരതയോ തകർക്കുന്ന രീതിയിലാകരുത്. പൊതുവായ പുരോഗതിക്ക് പരസ്പര സഹകരണമാണ് ആവശ്യം. ഇറാനുമായുള്ള ഭാവി ബന്ധങ്ങൾ വ്യക്തമായ അടിത്തറയിലായിരിക്കണം. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, നല്ല അയൽപക്ക ബന്ധം, ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടാതിരിക്കൽ എന്നിവ ഇതിൽ അനിവാര്യമാണെന്ന് അദ്ദേഹം എടുത്തുകാട്ടി.
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ രൂക്ഷമാകുകയും സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യുഎഇയുടെ ഈ നിർണായക പ്രതികരണം. മേഖലയിലെ സുസ്ഥിര വികസനത്തിനും സമാധാനത്തിനുമായി ചർച്ചകളും പരസ്പര ബഹുമാനവും അടിസ്ഥാനമാക്കിയുള്ള നയങ്ങൾ വേണമെന്നാണ് യുഎഇ നിരന്തരം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

