ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് നാളെ പ്രഖ്യാപിക്കും
അന്തിമ പട്ടികയിൽ രണ്ട് ഇന്ത്യക്കാർ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്ത് നഴ്സുമാരാണുള്ളത്

ദുബൈ: നഴ്സിങ് മേഖലയിലെ മികവിനായി ആസ്റ്റർ ഗാർഡിയൻസ് നൽകുന്ന ആഗോള നഴ്സിങ് പുരസ്കാരം നാളെ പ്രഖ്യാപിക്കും. ദുബൈ പാമിലെ അറ്റ്ലാന്റിസ് ഹോട്ടലിലാണ് പുരസ്കാര പ്രഖ്യാപനം. അന്തിമ പട്ടികയിൽ രണ്ട് ഇന്ത്യക്കാർ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്ത് നഴ്സുമാരാണ് ഉള്ളത്.
രണ്ടര ലക്ഷം യുഎസ് ഡോളർ സമ്മാനത്തുകയുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരത്തിനായി, 199 രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ജൂറിയുമായി അഭിമുഖം, പൊതുജന വോട്ടിങ് തുടങ്ങിയവയ്ക്ക് ശേഷമാണ് വിജയിയെ പ്രഖ്യാപിക്കുക. അവാർഡിന്റെ നാലാം പതിപ്പാണ് ഇത്തവണത്തേത്.
ഡോ. സുഖ്പാൽ കൗർ, വിഭാബെൻ ഗുൺ വന്ത്ഭായ് സലാലിയ എന്നിവരാണ് ഈ വർഷത്തെ അന്തിമപ്പട്ടികയിലുള്ള രണ്ട് ഇന്ത്യക്കാർ. കാതറിൻ മേരി ഹോളിഡേ (സ്വിറ്റ്സർലൻഡ്), എഡിത്ത് നാംബ (പാപുവ ന്യൂ ഗിനി), ഫിറ്റ്സ് ജെറാൾഡ് ഡാലിന കാമാച്ചോ (യു.എ.ഇ), ഡോ. ജെഡ് റേ ഗെംഗോബ മോണ്ടെയർ (ഹോങ്കോങ്), ഡോ. ജോസ് അർനോൾഡ് ടാരിഗ (യുഎസ്എ), ഖദീജ മുഹമ്മദ് ജുമാ (കെനിയ), മഹേശ്വരി ജഗന്നാഥൻ (മലേഷ്യ), നവോമി ഒയോ ഒഹെനെ ഒട്ടി (ഘാന) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റുള്ളവർ.
വിജയിക്ക് പുറമേ, ഫൈനലിലെത്തിയ ഒമ്പതു പേരെയും ചടങ്ങിൽ ആദരിക്കും. ഫിലിപ്പീൻസ് സ്വദേശിയായ നഴ്സ് മരിയ വിക്ടോറിയ ജുവാൻ ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയി. രോഗീ പരിചരണം, ഗവേഷണം, നവീകരണം, നേതൃഗുണം, സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെയാണ് ആസ്റ്റർ ആദരിക്കുന്നത്.
Adjust Story Font
16

