ദുബൈയിൽ വ്യാജൻ വിൽക്കുന്നവർ ജാഗ്രതൈ; കാത്തിരിക്കുന്നത് വൻ ശിക്ഷ
10 ലക്ഷം ദിർഹം പിഴയും 2 വർഷം തടവും ശിക്ഷ

ദുബൈ: വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നവരും പ്രചരിപ്പിക്കുന്നവരും സ്റ്റോക്ക് ചെയ്യുന്നവരും സൂക്ഷിക്കുക. കാത്തിരിക്കുന്നത് വൻ പിഴയും ജയിൽ വാസവും. പത്ത് ലക്ഷം ദിർഹം വരെ പിഴയും രണ്ട് വർഷം വരെ തടവും ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. യുഎഇ ഫെഡറൽ നിയമ പ്രകാരമാണ് ഓൺലൈനിലും നേരിട്ടും വ്യാജ, ഡ്യൂപ്ലിക്കേറ്റ് ഉൽപന്നങ്ങൾ വിൽക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും സ്റ്റോക്ക് ചെയ്യുന്നവർക്കും കടുത്ത ശിക്ഷ നൽകുക.
ഉപഭോക്താക്കളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനൊപ്പം ശരിയായ വിപണി ക്രമീകരണങ്ങൾക്കുമായാണ് അധികൃതർ കർശന നടപടി സ്വീകരിക്കുന്നത്. വ്യാജ ഉൽപന്നങ്ങൾ ഓൺലൈൻ വഴിയോ ഷോപ്പിൽ നിന്നോ ലഭിക്കുന്നവർ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്. വ്യാജ, ഡ്യൂപ്ലിക്കേറ്റ് ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിന് വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും വേരിഫൈ ചെയ്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും മാത്രം ഉൽപന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെയും ഓൺലൈനിലെയും ലൈസൻസില്ലാത്ത വ്യാപാരികളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കണം. യുഎഇ നിയമപ്രകാരം വ്യാജ--ഡ്യൂപ്ലിക്കേറ്റ് ഉൽപന്നങ്ങളുടെ ഇറക്കുമതി, ഉൽപാദനം, വിൽപന, സ്റ്റോർ ചെയ്യൽ, പ്രചാരണം, ചരക്കുനീക്കം എന്നിവയെല്ലാം ക്രിമിനൽ കുറ്റമാണ്.
ഇത്തരത്തിലുള്ള വാണിജ്യ തട്ടിപ്പുകൾ പൊതുജനാരോഗ്യത്തിനും സുരക്ഷക്കും വലിയ രീതിയിൽ ഭീഷണി ഉയർത്തും. ഉപഭോക്താക്കൾ തട്ടിപ്പിന് ഇരയാകുന്നതിനൊപ്പം ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ എന്നിവയുടെ വ്യാജന്‍റെ ഉപയോഗം വലിയ പ്രശ്നങ്ങളും സൃഷ്ടിക്കും.
Adjust Story Font
16

