ഷാർജയിലും ബൈക്കുകൾക്ക് സ്പീഡ് ലൈനിൽ വിലക്ക്
നവംബർ ഒന്ന് മുതൽ പുതിയ നിയമം നിലവിൽ വരും

ഷാർജ: ദുബൈക്ക് പിന്നാലെ ഷാർജയിലും ബൈക്കുകൾക്ക് സ്പീഡ് ലൈനിൽ വിലക്ക് ഏർപ്പെടുത്തുന്നു. പുതിയ നിയമ പ്രകാരം നവംബർ ഒന്ന് മുതൽ ഷാർജയിൽ ബസ് ഉൾപ്പെടെ ഭാരവാഹനങ്ങൾ റോഡിന്റെ വലതുവശത്തെ ലൈനിൽ മാത്രമേ സഞ്ചരിക്കാൻ പാടുള്ളു. ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങൾ സ്പീഡ്ലൈനിൽ പ്രവേശിക്കരുത്.
നാല് ലൈനുള്ള റോഡിൽ വലതുവശത്തെ മൂന്നാമത്തെയും നാലാമത്തെയും ലൈനിലൂടെ മാത്രമേ മോട്ടോർബൈക്കുകൾക്ക് സഞ്ചരിക്കാവൂ. മൂന്ന് ലൈനുള്ള റോഡിൽ നടുവിലെ പാതയിലൂടെയും വലതുവശത്തെ ലൈനിലൂടെയും ബൈക്ക് ഓടിക്കാം. രണ്ട് ലൈനുള്ള റോഡിൽ വലതുവശത്തെ ലൈനിൽ മാത്രമേ ബൈക്കിന് അനുമതിയുണ്ടാകൂ.
വാഹനങ്ങൾ ലൈനുകൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ റഡാർ നിരീക്ഷണം കർശനമാക്കും. നിയമം ലംഘിക്കുന്ന ഹൈവി വാഹനങ്ങൾക്ക് 1500 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും ലഭിക്കും. ലൈൻ നിയമം പാലിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയുണ്ടാകും.
ഷാർജ പൊലീസും റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും സംയുക്തമായാണ് നിയമം നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈ എമിറേറ്റും ഡെലിവറി ബൈക്കുകൾക്ക് സ്പീഡ് ലൈനിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Adjust Story Font
16

