ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും
വാരാന്ത്യ അവധി ആയതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാൻ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും

ഷാർജ: യുഎഇയിലെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യ(30)യുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നും ലഭിച്ചിട്ടില്ല. വെള്ളി, ശനി, ഞായർ വാരാന്ത്യ അവധി ആയതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാൻ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. അതുല്യയുടെ മൃതദേഹത്തിലെ പാടുകൾ വിശദമായി പരിശോധിക്കും.
മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. അതുല്യയുടെ സഹോദരി അഖില, സഹോദരി ഭർത്താവ് ഗോകുൽ എന്നിവർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾക്ക് ഒപ്പമാണ് പൊലീസിനെ സമീപിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നാട്ടിലെ കേസ് വിവരങ്ങളും പീഡനത്തിന്റെ ദൃശ്യങ്ങളും കുടുംബം പൊലീസിന് കൈമാറിയിരുന്നു.
അതേസമയം, അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്ന സതീഷിന് കമ്പനി രേഖാമൂലം പിരിച്ചുവിടൽ കത്ത് നൽകുകയായിരുന്നു. ഒരു വർഷം മുൻപാണ് സതീഷ് ഈ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് കമ്പനിയുടെ നടപടിയെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16

