‘അൽ ലയാൻ ഒയാസിസ്’ പുതിയ വിനോദ സഞ്ചാരകേന്ദ്രം പ്രഖ്യാപിച്ച് ദുബൈ
പത്ത് ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്

ദുബൈ: നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി പ്രകൃതിയെ ആസ്വദിക്കാൻ സൗകര്യമൊരുക്കുന്ന പുതിയ വിനോദ സഞ്ചാരകേന്ദ്രം പ്രഖ്യാപിച്ച് ദുബൈ. ‘അൽ ലയാൻ ഒയാസിസ്’ എന്ന പേരിലാണ് ദുബൈ മുനിസിപ്പാലിറ്റി പുതിയ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രം ഒരുക്കുന്നത്. ദുബൈ നഗര ഹൃദയത്തിൽ നിന്ന് 50 മിനിറ്റ് യാത്രചെയ്ത് എത്താവുന്ന ദൂരത്തേക്ക് പഴയ മരുപ്പച്ചകളെ ഓർമിപ്പിക്കുന്ന വിധമാണ് അൽ ലയാൻ ഒയാസിസ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പത്ത് ലക്ഷം ചതുശ്ര മീറ്റർ സ്ഥലത്താണ് ലയാൻ ഒയാസിസ് ഒരുങ്ങുന്നത്.
രണ്ടരലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള തടാകത്തെ കേന്ദ്രീകരിച്ചായിരിക്കും ഈ വിനോദ സഞ്ചാരകേന്ദ്രം. ആയിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടാകും. 14 കീലോമീറ്റർ സൈക്കിൾട്രാക്കും, നടപ്പാതയും, സഞ്ചാരികൾക്കായി ഇവിടെ നിർമിക്കും.
തടാകത്തിന് ചുറ്റുമായി പ്രധാനമായും നാല് മരുപ്പച്ചകളാണ് കേന്ദ്രത്തിലുണ്ടാവുക. ഇതിൽ കാമ്പിങ് ഒയാസിസിൽ ഒരേ സമയം നൂറ് കാരവനുകൾ നിർത്തിയിട്ട് ക്യാമ്പ് ചെയ്യാൻ സൗകര്യമുണ്ടാകും. ഓപ്പൺ എയർ തിയേറ്റർ ഉൾപ്പെടെ സൗകര്യങ്ങളുള്ള ഗാദറിങ് എയർ ഒയാസിസാണ് മരുപ്പച്ചകളിൽ മറ്റൊന്ന്.
കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലസിക്കാവുന്ന വിപുലമായ സൗകര്യമുള്ള ഫാമിലി ഒയാസിസാണ് മറ്റൊരു മരുപ്പച്ച. മുന്ന് ലക്ഷത്തി അറുപത്തി അയ്യായിരം ചതുരശ്ര മീറ്റർ സ്ഥലത്ത് സ്വകാര്യ സ്ഥാപനങ്ങൾക്ക് നിക്ഷേപം നടത്താനും സ്ഥാപനങ്ങൾ ആരംഭിക്കാനും അൽ ലയാൻ ഒയാസിസിൽ സൗകര്യമുണ്ടാകും. വിനോദത്തിനൊപ്പം പരസ്പര സൗഹാർദത്തിന്റെ ഇടം കൂടിയായി മാറാൻ ലക്ഷ്യമിടുന്ന കേന്ദ്രമായിരിക്കും അൽ ലയാൻ ഒയാസിസ്.
Adjust Story Font
16

