Quantcast

മുകൾ നിലയിലെ വാഷിങ് മെഷീൻ ചോർച്ച; താഴെ നിലയിലെ അയൽവാസിക്ക് 85,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബൈ കോടതി

അയൽക്കാരന്റെ തെറ്റ് മൂലം അപ്പാർട്ട്‌മെന്റിനുണ്ടായ നാശനഷ്ടത്തിന് 200,000 ദിർഹം അയൽവാസി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    5 May 2025 12:25 PM IST

A salon was closed in Dubai after five workers were caught working without work permits.
X

ദുബൈ: മുകൾ നിലയിലെ അപ്പാർട്ട്‌മെന്റിലുള്ള വാഷിങ് മെഷീനിൽനിന്ന് ചോർച്ചയുണ്ടായതിനെ തുടർന്ന് ബുദ്ധിമുട്ടിലായ താഴെ നിലയിലെ അപ്പാർട്ട്‌മെന്റിലെ താമസക്കാരന് 85,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബൈ സിവിൽ കോടതി വിധി. അറ്റകുറ്റപ്പണി ചെലവുകൾക്കായി 35,000 ദിർഹവും അപ്പാർട്ട്‌മെന്റിന്റെ ഉപയോഗം നഷ്ടപ്പെട്ടതുമൂലമുള്ള നാശനഷ്ടങ്ങൾക്ക് 50,000 ദിർഹവും വാദിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്.

അയൽക്കാരന്റെ തെറ്റ് മൂലം അപ്പാർട്ട്‌മെന്റിനുണ്ടായ നാശനഷ്ടത്തിന് 200,000 ദിർഹം അയൽവാസി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അയൽക്കാരനിൽ നിന്നും പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനിയിൽ നിന്നുമായാണ് 200,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു ഗൾഫ് പൗരൻ കേസ് ഫയൽ ചെയ്തത്.

വളരെ പ്രധാനപ്പെട്ട ഒരു പ്രദേശത്ത് വിനോദസഞ്ചാര നിക്ഷേപമായി താൻ അപ്പാർട്ട്‌മെന്റ് വാങ്ങിയതായും വാടക വരുമാനം ഉപയോഗിച്ച് പേയ്മെന്റുകൾ അടയ്ക്കാൻ പദ്ധതിയിട്ടതായും വാദി പറഞ്ഞു. എന്നാൽ രണ്ടാമത്തെ പ്രതിയുടെ (അയൽക്കാരൻ) ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റിൽ നിന്നുള്ള ചോർച്ച തന്റെ അടുക്കളക്കും ചുവരുകൾക്കും കേടുപാടുകൾ വരുത്തി, പിന്നീടത് മുഴുവൻ ഭാഗങ്ങളിലേക്കും വ്യാപിച്ചു, ഫർണിച്ചറുകളും ഇതര വസ്തുക്കളും നശിച്ചു, അപ്പാർട്ട്‌മെന്റിലുടനീളം പൂപ്പൽ രൂപപ്പെട്ടു -പരാതിക്കാരൻ പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാൻ അയൽക്കാരനെ സമീപിച്ചെന്നും പക്ഷേ അയൽക്കാരൻ ചോർച്ച നിഷേധിച്ചതായും ചോർച്ച പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി. പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനിയുമായി അദ്ദേഹം പലതവണ ഇമെയിൽ വഴി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. മറ്റ് മാർഗമൊന്നുമില്ലാത്തതിനാൽ, അറ്റകുറ്റപ്പണികൾക്കായി അദ്ദേഹം തന്നെ പണം നൽകി. ഏകദേശം ആറ് മാസത്തിന് ശേഷം പ്രശ്‌നം പരിഹരിച്ചു.

അയൽക്കാരന്റെയും മാനേജ്‌മെന്റ് കമ്പനിയുടെയും അശ്രദ്ധയാണ് പ്രശ്‌നം കൂടുതൽ വഷളാക്കിയതെന്നും അടുക്കള പൂർണമായും നശിച്ചതായും ആ സമയത്ത് അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് നൽകുന്നത് മുടങ്ങിയതായും പരാതിക്കാരൻ വാദിച്ചു.

അതിനിടെ, കോടതിയുടെ അധികാരപരിധിയെ വെല്ലുവിളിച്ച് പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനി നിയമപരമായ മെമ്മോറാണ്ടം സമർപ്പിച്ചു, ഇത്തരം കാര്യങ്ങൾ ദുബൈയിലെ വാടക തർക്ക കേന്ദ്രത്തിന് കീഴിലാണെന്ന് വാദിച്ചായിരുന്നു മെമ്മോറാണ്ടം. കേസ് ഫയൽ ചെയ്തത് തെറ്റായ കക്ഷിക്കെതിരെയാണെന്നും വാദിച്ചു. അയൽക്കാരനുമായും വാദിയുമായും ഉള്ള കത്തിടപാടുകൾ, പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ, ചോർച്ച പിന്നീട് പൂർണമായും പരിഹരിച്ചതായി സ്ഥിരീകരിക്കുന്ന സാങ്കേതിക റിപ്പോർട്ട് എന്നിവ കമ്പനി നൽകി. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയതായി കമ്പനി അവകാശപ്പെട്ടു.

ചോർച്ചയുള്ള യൂണിറ്റ് തന്റേതല്ലെന്നും തൊട്ടടുത്തുള്ള മറ്റൊരു യൂണിറ്റാണെന്നും അവകാശപ്പെട്ട് കോടതിയുടെ അധികാരപരിധിക്കെതിരെ അയൽക്കാരനും ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. തുടർന്ന് ഒരു എഞ്ചിനീയറിംഗ് വിദഗ്ധനെ വിഷയം പഠിക്കാൻ കോടതി നിയമിച്ചു. അയൽക്കാരന്റെ യൂണിറ്റിലെ വാഷിംഗ് മെഷീൻ ഡ്രെയിനേജ് പൈപ്പ് തകരാറിലായതിനാലാണ് ചോർച്ച ഉണ്ടായതെന്ന നിഗമനത്തിലാണ് ഇദ്ദേഹമെത്തിയത്. കൈമാറ്റം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണ് ഇത്തരം തകരാറുകൾ ഉണ്ടായതെങ്കിലാണ് അവ കെട്ടിട കരാറുകാരന്റെ ഉത്തരവാദിത്തത്തിൽ വരികയെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ആ കാലയളവിനുശേഷം അപ്പാർട്ട്‌മെന്റിലെ തകരാറുകൾക്ക് യൂണിറ്റ് ഉടമ ഉത്തരവാദിയാകുമെന്നും പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ, ഡ്രെയിനേജ് പ്രശ്‌നം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് അയൽക്കാരനാണ് (രണ്ടാം പ്രതി) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനി തകരാറിനെക്കുറിച്ച് മുമ്പ് അദ്ദേഹത്തെ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടർന്നാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. അതേസമയം, പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനിക്കെതിരായ കേസ് കോടതി തള്ളിക്കളഞ്ഞു, അവർ തങ്ങളുടെ കടമകൾ നിർവഹിച്ചതായി വിധിച്ചു.

TAGS :

Next Story