കളി കാര്യമാകും!; 'ഈവിൾ ഡോൾ' കത്തിക്കൽ ചാലഞ്ചിനെതിരെ ദുബൈ പൊലീസ്
ചാലഞ്ചിനിടെ റാസൽഖൈമയിൽ ഏഴുവയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു

ദുബൈ: 'ഈവിൾ ഡോൾ' കത്തിക്കൽ ചാലഞ്ചിനെതിരെ ദുബൈ പൊലീസിന്റെ അടിയന്തര മുന്നറിയിപ്പ്. കുട്ടികൾക്കിടയിൽ വൈറലാണ് ഈ സമൂഹ മാധ്യമ ട്രെൻഡ്. ഇത് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചാണ് താമസക്കാർക്ക്, പ്രത്യേകിച്ച് മാതാപിതാക്കൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയത്.
വീടിനകത്തോ പൊതുസ്ഥലത്തോ പാവകളെ കത്തിക്കുന്നത് വലിയ തീപിടിത്തത്തിന് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇത് പരിക്കുകൾക്കോ മരണം സംഭവിക്കാൻ പോലുമോ കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. തുണിത്തരങ്ങൾ, പ്ലാസ്റ്റിക് അല്ലെങ്കിൽ സിന്തറ്റിക് പാവകളുടെ മുടി പോലുള്ള വസ്തുക്കൾ കത്തിക്കുന്നത് വിഷവാതകങ്ങൾ പുറപ്പെടുവിക്കുകയും തീ വേഗത്തിൽ പടരാൻ കാരണമാവുകയും ചെയ്യും, പ്രത്യേകിച്ച് അടച്ചിട്ട പ്രദേശങ്ങളിൽ.
റാസൽഖൈമയിൽ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് മുന്നറിയിപ്പ്. മൗസ കസേബ് എന്ന ഏഴുവയസ്സുകാരിയുടെ ജന്മദിനത്തിൽ ഡോൾ കത്തിക്കൽ ചലഞ്ച് പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നെഞ്ചിലും പുറം ഭാഗത്തും തോളിലും ഗുരുതരമായി പൊള്ളലേറ്റു. കുട്ടികളുടെ ഓൺലൈൻ ഉപയോഗം നിരീക്ഷിക്കാനും അപകടകരമായ ചാലഞ്ചുകൾ അനുകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കാനും ദുബൈ പൊലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
Adjust Story Font
16

