Quantcast

ഇതുതാൻട ദുബൈ പൊലീസ്; കാണാതായ ആറു വയസ്സുകാരിയെ 30 മിനിറ്റിനകം കണ്ടെത്തി

കാണാതായത് പിതാവിനൊപ്പം കടയിൽ പോയപ്പോൾ

MediaOne Logo

Web Desk

  • Published:

    5 Sept 2026 5:52 PM IST

Dubai Police Find Missing Six-Year-Old Girl Within 30 Minutes
X

ദുബൈ: കാണാതായ ആറു വയസ്സുകാരിയെ 30 മിനിറ്റിനകം കണ്ടെത്തി ദുബൈ പൊലീസ്. ദുബൈയിലെ ഫരീജ് അൽ മുറർ പ്രദേശത്താണ് സംഭവം. പിതാവിനൊപ്പം വീട്ടിനടുത്തുള്ള പലചരക്ക് കടയിൽ പോയതായിരുന്നു കുട്ടി. സാധനങ്ങൾ വാങ്ങി കഴിഞ്ഞപ്പോഴാണ് കുട്ടി കൂടെയില്ലെന്ന് പിതാവ് അറിഞ്ഞത്. കുട്ടി വീട്ടിലേക്ക് മടങ്ങിയിരിക്കാമെന്ന് കരുതി പിതാവും അവിടേക്ക്‌ പോയി. പക്ഷേ അവിടെയെത്തിയപ്പോൾ കുട്ടിയുണ്ടായിരുന്നില്ല. തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ അദ്ദേഹം ദുബൈ പൊലീസിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് നയിഫ് പൊലീസ് സ്റ്റേഷൻ അധികൃതർ ഉടൻ തന്നെ തിരച്ചിൽ സംഘത്തെ നിയോഗിച്ചു. കുട്ടിയുടെ ചിത്രം പ്രദേശത്തെ പൊലീസ് പട്രോളിങ് സംഘങ്ങൾക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും കൈമാറി.

30 മിനിറ്റിനകം നയിഫ് പൊലീസ് സ്റ്റേഷനിലെ പട്രോൾ സംഘം സമീപത്തെ ഒരു റോഡിൽ കുട്ടിയെ കണ്ടെത്തി. കുട്ടി ഭയന്ന് കരയുന്ന നിലയിലായിരുന്നു. പൊലീസ് അവളെ സുരക്ഷിതമായി സ്റ്റേഷനിലെത്തിക്കുകയും വിക്ടിം കമ്യൂണിക്കേഷൻ സെക്ഷൻ വഴി ആശ്വസിപ്പിക്കുകയും പരിചരണം നൽകുകയും ചെയ്തു. തുടർന്ന് പിതാവ് സ്റ്റേഷനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

ചെറിയ കുട്ടികളെ പുറത്തുകൊണ്ടുപോകുമ്പോൾ പ്രത്യേകം നിരീക്ഷിക്കണമെന്ന് ദുബൈ പൊലീസ് മാതാപിതാക്കളോടും രക്ഷിതാക്കളോടും നിർദേശിച്ചു. തിരക്കേറിയ പൊതുസ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും പറഞ്ഞു. കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ടാൽ പൊലീസ് ഉദ്യോഗസ്ഥരെയോ സുരക്ഷാ ജീവനക്കാരെയോ സമീപിച്ച് സഹായം തേടേണ്ടതെങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും അധികൃതർ പറഞ്ഞു.

TAGS :

Next Story