Quantcast

ദുബൈയിലെ ബ്ലൂചിപ്പ് ഗ്രൂപ്പ് തട്ടിപ്പ്: പ്രധാന പ്രതി രവീന്ദ്ര നാഥ് സോണി ഇന്ത്യയിൽ അറസ്റ്റിൽ

ഗ്രൂപ്പ് ഉടമയും തട്ടിപ്പിലെ മുഖ്യസൂത്രധാരനുമാണ്

MediaOne Logo

Web Desk

  • Published:

    2 Dec 2025 3:15 PM IST

Dubais Bluechip Group fraud main accused Ravindra Nath Soni arrested in India
X

ദുബൈ ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഉടമയും യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നിലെ പ്രധാന പ്രതിയുമായ രവീന്ദ്ര നാഥ് സോണി ഇന്ത്യയിൽ അറസ്റ്റിൽ. 18 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഇന്ത്യൻ വംശജന്റെ അറസ്റ്റ്. 44 കാരനായ സോണിയെ നവംബർ 30 ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് കസ്റ്റഡിയിലെടുത്തതായാണ് കാൺപൂർ പൊലീസ് പറയുന്നത്.

ബ്ലൂചിപ്പ് കമ്പനി വഴി ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് സോണി നിരവധി ഇരകളെ വഞ്ചിച്ചതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (എഡിസിപി) ലോ & ഓർഡർ അഞ്ജലി വിശ്വകർമ പറഞ്ഞു. ഇയാൾക്കെതിരെ മൂന്ന് തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പിടിച്ചെടുക്കുമെന്നും അഞ്ജലി വിശ്വകർമ വ്യക്തമാക്കി.

ബർ ദുബൈയിലെ അൽ ജവാഹറ ബിൽഡിംഗിലായിരുന്നു ബ്ലൂചിപ്പ് പ്രവർത്തിച്ചിരുന്നത്. 18 മാസത്തേക്ക് 10,000 ഡോളർ നിക്ഷേപമായി വാങ്ങുകയും നിക്ഷേപത്തിന് 3% പ്രതിമാസ വരുമാനവും പ്രതിവർഷം 36% വരുമാനവും ഉറപ്പ് നൽകുകയുമായിരുന്നു. എന്നാൽ 2024 മാർച്ചിൽ പണമടയ്ക്കൽ പെട്ടെന്ന് നിലച്ചതോടെ പദ്ധതി തകർന്നു. ഇന്ത്യൻ പ്രവാസികളടക്കം നിരവധി പേർക്ക് വമ്പൻ തുക നഷ്ടമായി. പത്ത് കോടി ഡോളറിലധികം അഥവാ 36.7 കോടി ദിർഹം നഷ്ടം നേരിട്ടു. ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ചെക്ക് കേസിൽ സോണിക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

TAGS :

Next Story