ദുബൈയിൽ 300 പ്രീമിയം നമ്പർ പ്ലേറ്റുകൾ ലേലത്തിന്
ഫെബ്രുവരി 9 ന് ലേലം ആരംഭിക്കും

ദുബൈ: 82-ാമത് ഓൺലൈൻ ലേലത്തിന്റെ ഭാഗമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) 300 പ്രീമിയം നമ്പർ പ്ലേറ്റുകൾ ലേലത്തിന് വെക്കുന്നു. സ്വകാര്യ കാറുകൾ, ക്ലാസിക് വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവയ്ക്കുള്ള നമ്പർ പ്ലേറ്റുകളാണ് ലേലത്തിന് ഒരുങ്ങുന്നത്. 2, 3, 4, 5 അക്കങ്ങളുള്ള നമ്പർ കോമ്പിനേഷനുകളും എച്ച്, ഐ, കെ, എം, എൻ, ഒ, പി, ക്യു, ആർ, എസ്, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് കോഡുകളിലുള്ള നമ്പർ പ്ലേറ്റുകളുമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതൽ ലേലത്തിനായി രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ലേലം ഒരാഴ്ച നീണ്ടുനിൽക്കും.
ദുബൈയിൽ ട്രാഫിക് ഫയൽ ഉള്ള താമസക്കാർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കൂ. താൽപര്യമുള്ളവർ ആർ.ടി.എയ്ക്ക് നൽകാനായി 5,000 ദിർഹത്തിന്റെ സെക്യൂരിറ്റി ചെക്കും, 120 ദിർഹത്തിന്റെ രജിസ്‌ട്രേഷൻ ഫീസും നൽകണം. ഉമ്മു റമൂൽ, അൽ ബർഷ, ദേര എന്നിവിടങ്ങളിലെ ആർ.ടി.എ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ ആർ.ടി.എ വെബ്‌സൈറ്റ് വഴിയോ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലേലം ജയിക്കുന്നവർ ലേലം അവസാനിച്ച് 10 പ്രവൃത്തി ദിവസത്തിനുള്ളിൽ മുഴുവൻ തുകയും അടയ്ക്കണം. 50,000 ദിർഹം വരെയുള്ള തുകകൾ അംഗീകൃത സേവന കേന്ദ്രങ്ങളിൽ നേരിട്ട് പണമായി നൽകാം. 50,000 ദിർഹത്തിന് മുകളിലുള്ള തുകകൾ മാനേജർ ചെക്ക്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഓൺലൈൻ വഴി അടയ്ക്കാവുന്നതാണ്. എല്ലാ വിൽപനകൾക്കും 5 ശതമാനം വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) ബാധകമായിരിക്കും.
Adjust Story Font
16

