Quantcast

ദുബൈയിലെ 3 വമ്പൻ ഫ്രീ സോണുകളിലെ പാർക്കിങ് ഇനി സാലിക് നിയന്ത്രിക്കും

'ദുബൈ എക്കണോമിക് അജണ്ട' (D33) പദ്ധതികളുടെ ഭാഗമായാണ് ഈ അടിസ്ഥാന സൗകര്യ വികസനം

MediaOne Logo

Web Desk

  • Published:

    16 July 2026 3:47 PM IST

Dubai’s Salik to manage parking across 3 free zones
X

ദുബൈ: ദുബൈയിലെ റോഡ് ടോൾ ഗേറ്റ് ഓപ്പറേറ്റർമാരായ സാലിക് തങ്ങളുടെ സേവനം പാർക്കിങ് മാനേജ്‌മെന്റ് രംഗത്തേക്ക് കൂടി വ്യാപിപ്പിക്കുന്നു. ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയുമായി (DIEZ) ഒപ്പുവെച്ച പുതിയ ധാരണാപത്രപ്രകാരം (MoU) ദുബൈയിലെ മൂന്ന് പ്രമുഖ ഫ്രീ സോണുകളിലെ പാർക്കിങ് നിയന്ത്രണം ഇനി സാലിക് ഏറ്റെടുക്കും. ദുബൈ എയർപോർട്ട് ഫ്രീസോൺ (DAFZ), ദുബൈ സിലിക്കൺ ഒയാസിസ് (DSO), ദുബൈ കൊമേഴ്‌സിറ്റി (DCC) എന്നീ ഫ്രീ സോണുകളിലായുള്ള 21,000-ത്തിലധികം പാർക്കിങ് ഇടങ്ങളിലാണ് സാലിക്കിന്റെ അത്യാധുനിക 'ബാരിയർലെസ്സ്' സാങ്കേതികവിദ്യ നടപ്പിലാക്കുന്നത്. ഫ്രീ സോണുകളിൽ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാനും, അനുവദിക്കപ്പെട്ട പാർക്കിങ് സ്പേസുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ സ്മാർട്ട് സംവിധാനത്തിലൂടെ സാധിക്കും.

ദുബൈയുടെ ആഗോള ബിസിനസ്സ്-നിക്ഷേപ പദവി ഉയർത്താൻ ലക്ഷ്യമിട്ടുള്ള 'ദുബൈ എക്കണോമിക് അജണ്ട' (D33) പദ്ധതികളുടെ ഭാഗമായാണ് ഈ അടിസ്ഥാന സൗകര്യ വികസനം. സാലിക്കിനെ ടോൾ കമ്പനി എന്നതിനപ്പുറത്തേക്ക് സമ്പൂർണ സ്മാർട്ട് മൊബിലിറ്റി സൊല്യൂഷൻ പ്രൊവൈഡറായി മാറ്റുകയാണ് ലക്ഷ്യമെന്ന് സാലിക് സി.ഇ.ഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് വ്യക്തമാക്കി. ഡിജിറ്റൽ പരിവർത്തനത്തിലൂടെ ബിസിനസ്സുകൾക്ക് കൂടുതൽ സുഗമമായ സേവനം നൽകാൻ ഈ സഖ്യം സഹായിക്കുമെന്ന് DIEZ എഞ്ചിനീയറിങ് ആന്റ് സസ്റ്റൈനബിലിറ്റി ചീഫ് ഓഫീസർ എഞ്ചിനീയർ മുഅമ്മർ അൽ കതീരിയും കൂട്ടിച്ചേർത്തു.

ദുബൈ ഹാർബറിലെ പുതിയ മൾട്ടി-സ്റ്റോറി പാർക്കിങ് കോംപ്ലക്സിലും ടിക്കറ്റോ ക്യാഷോ ഇല്ലാതെ നേരിട്ട് സാലിക് അക്കൗണ്ട് വഴി പണമടയ്ക്കാനുള്ള സൗകര്യം ഈ മാസം മുതൽ സാലിക് ആരംഭിച്ചിട്ടുണ്ട്. ടോൾ ചാർജുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസുകൾക്കും അഞ്ച് ശതമാനം മൂല്യവർധിത നികുതി (VAT) ഈ വർഷം മെയ് മുതൽ സാലിക് നടപ്പിലാക്കിയിട്ടുണ്ട്. ഈ തുക ഫെഡറൽ ടാക്സ് അതോറിറ്റിയിലേക്ക് (FTA) കൈമാറുമെന്നും കമ്പനി അറിയിച്ചു. നിലവിൽ ശൈഖ് സായിദ് റോഡ് ഉൾപ്പെടെ ദുബൈലെ വിവിധ ഭാഗങ്ങളിലായി 10 ടോൾ ഗേറ്റുകളാണ് സാലിക് പ്രവർത്തിപ്പിക്കുന്നത്. 2071 വരെയുള്ള 49 വർഷത്തെ കരാറനുസരിച്ച് ദുബൈയിലെ ടോൾ ഇൻഫ്രാസ്ട്രക്ചർ പ്രവർത്തിപ്പിക്കാനുള്ള എക്സ്ക്ലൂസീവ് അവകാശം സാലിക്കിനാണുള്ളത്.

TAGS :

Next Story