Quantcast

എമിഗ്രേഷൻ ക്ലിയറൻസ്; പ്രവാസികളിൽ നിന്ന് പിരിച്ച കോടികൾ എവിടെ? ഹൈക്കോടതിയെ സമീപിച്ച് ഷാർജയിലെ സാമൂഹിക പ്രവർത്തകൻ

ഈമാസം 29 ന് സത്യവാങ്മൂലം നൽകാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    8 July 2026 8:29 PM IST

എമിഗ്രേഷൻ ക്ലിയറൻസ്; പ്രവാസികളിൽ നിന്ന് പിരിച്ച കോടികൾ എവിടെ? ഹൈക്കോടതിയെ സമീപിച്ച് ഷാർജയിലെ സാമൂഹിക പ്രവർത്തകൻ
X

ദുബൈ: എമിഗ്രേഷൻ ക്ലിയറൻസിന്റെ പേരിൽ പ്രവാസികളിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണിന് രൂപ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ഷാർജയിലെ സാമൂഹിക പ്രവർത്തകൻ മാത്തുക്കുട്ടി കടോൺ ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിവരങ്ങൾ ശേഖരിച്ച് ഈമാസം 29 ന് സത്യവാങ്മൂലം നൽകാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

ബിരുദമില്ലാത്ത ഇന്ത്യൻ പ്രവാസികൾ ഗൾഫ് ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ജോലിക്കായി യാത്രചെയ്യുമ്പോൾ എമിഗ്രേഷൻ ക്ലിയറൻസ് ഡെപ്പോസിറ്റ് നിർബന്ധമായിരുന്നു. 1983 മുതൽ 2003 വരെ ഇരുപത് വർഷം ഒരോ യാത്രക്കാരനിലും നിന്നും മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ തുകയാണ് ഇ.സി.ആർ. ഡെപ്പോസിറ്റായി ശേഖരിച്ചിരുന്നത്.

ലക്ഷകണക്കിന് പ്രവാസികളിൽ നിന്ന് പിരിച്ച കോടിക്കണക്കിന് വരുന്ന ഈ തുക എവിടെയാണെന്ന് വ്യക്തമാക്കണമെന്നും, നിക്ഷേപം അതിന്റെ അവകാശികൾക്ക് തിരിച്ചുനൽകാൻ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് സാമൂഹിക പ്രവർത്തകനും എൻ.ടി.വി ചെയർമാനുമായ മാത്തുക്കുട്ടി കടോൺ ഹൈക്കോടതിയെ സമീപിച്ചത്. 2006 ൽ പാർലമെന്റംഗമായിരുന്ന ടി.കെ.ഹംസ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഏകദേശം 5000 കോടി രൂപ ഇത്തരത്തിൽ കെട്ടികിടക്കുന്നുണ്ടെന്നാണ് മറുപടി ലഭിച്ചത്. രാജ്യത്തെ വിവിധ പ്രോട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫിസുകളിൽ നിന്ന് വിവരം ശേഖരിക്കാൻ കേന്ദ്രം ഒരുമാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ ശേഖരിച്ച് ഈമാസം 29 ന് സത്യവാങ്മൂലം നൽകുമെന്നാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരുൾപ്പെട്ട രണ്ടംഗ ബഞ്ചിനെ അറിയിച്ചിരിക്കുന്നത്.

2003 നവംബറിലാണ് പ്രവാസി ഭാരതീയ ഭീമ യോജന എന്ന ഇൻഷൂറൻസ് പദ്ധതി വന്നതോടെ ഇ.സി.ആർ. ഡെപ്പോസിറ്റ് വാങ്ങുന്നത് സർക്കാർ അവസാനിപ്പിച്ചത്. 2003 ൽ മാത്രം 4.66 ലക്ഷം പേർ ഇ.സി.ആർ വിഭാഗത്തിൽ യാത്ര ചെയ്തിട്ടുണ്ട്. പ്രവാസികളിൽ നിന്ന് പിരിച്ചെടുത്ത ഈ തുക അവകാശികൾക്ക് തിരിച്ചുനൽകുകയോ, അല്ലാത്ത പക്ഷം പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനത്തിനായി വിനിയോഗിക്കുകയോ വേണമെന്ന് മാത്തുക്കുട്ടി കടോൺ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

TAGS :

Next Story