അബൂദബിയിൽ 10 ദിർഹത്തിന് ഷട്ടിൽ ബസ് സർവീസുകളുമായി ഇത്തിഹാദ് റെയിൽ
MBZ സിറ്റി സ്റ്റേഷനിൽ നിന്ന് 3 കേന്ദ്രങ്ങളിലേക്കും തിരിച്ചും സർവീസുകൾ

ദുബൈ: യുഎഇയിലെ ആദ്യത്തെ പാസഞ്ചർ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യാനൊരുങ്ങുന്നവർക്ക് ആശ്വാസമായി അബൂദബിയിലെ കണക്റ്റിങ് ഷട്ടിൽ ബസ് സർവീസുകൾ. അബൂദബിയും ഫുജൈറയും തമ്മിൽ ബന്ധിപ്പിച്ച് ദിവസേന 6 സർവീസുകളാണ് ആദ്യ ഘട്ടത്തിൽ ഇത്തിഹാദ് റെയിൽ നടത്തുന്നത്. ഇതിനകം പതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ പദ്ധതിക്കായി, അബൂദബിയിലെ 'മുഹമ്മദ് ബിൻ സായിദ് സിറ്റി' റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാർക്ക് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്താനാണ് 10 ദിർഹം നിരക്കിൽ ഷട്ടിൽ ബസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പാർക്കിങ് ബുദ്ധിമുട്ടുകളും ട്രാഫിക് ബ്ലോക്കും ഒഴിവാക്കി റെയിൽ യാത്ര എളുപ്പമാക്കാൻ സഹായിക്കുന്ന ഈ ബസുകൾ അബൂദബിയിലെ മൂന്ന് പ്രധാന മേഖലകളിലേക്കാണ് സർവീസ് നടത്തുന്നത്. ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഈ ബസ് സർവീസും റിസർവ് ചെയ്യേണ്ടതുണ്ട്. നിലവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരിട്ട് ബസ് ടിക്കറ്റ് എടുക്കാൻ സാധിക്കില്ല. ട്രെയിൻ എത്തുന്നതും പുറപ്പെടുന്നതുമായ സമയങ്ങളുമായി ഒത്തുപോകുന്ന രീതിയിൽ ദിവസത്തിൽ മൂന്ന് തവണയാണ് ബസുകൾ സർവീസ് നടത്തുക. സ്റ്റേഷനിലേക്കും തിരിച്ചും ഈ സൗകര്യമുണ്ടാകും.
കോർണിഷ് റോഡിലെ ADNOC ആസ്ഥാനം, റീം ഐലന്റിലെ റീം മാൾ എന്നിവിടങ്ങളിൽ നിന്ന് സ്റ്റേഷനിലേക്ക് രാവിലെ 7:04, ഉച്ചയ്ക്ക് 12:38, വൈകുന്നേരം 5:24 എന്നീ സമയങ്ങളിൽ ബസുകൾ പുറപ്പെടും. ഇവിടെ നിന്ന് സ്റ്റേഷനിലേക്കുള്ള യാത്രാ സമയം ഏകദേശം 50 മിനിറ്റ് ആണ്. ADNOC ഹെഡ്ക്വാർട്ടേഴ്സിന് സമീപമാണ് എമിറേറ്റ്സ് പാലസ് ഹോട്ടൽ, ഖസർ അൽ വതൻ, ഇത്തിഹാദ് ടവറുകൾ എന്നിവയുള്ളത്. അൽ ഖലീജ് അൽ അറബി സ്ട്രീറ്റിലെ ADNEC സെന്ററിൽ നിന്ന് സ്റ്റേഷനിലേക്ക് രാവിലെ 7:29, ഉച്ചയ്ക്ക് 1:03, വൈകുന്നേരം 5:49 എന്നിങ്ങനെ സർവീസുകളുണ്ടാകും. ഏകദേശം 30 മിനിറ്റ് ആണ് ഇതിന്റെ യാത്രാ സമയം. ബിസിനസ് യാത്രക്കാർക്ക് എക്സിബിഷൻ സെന്ററിലെ കോൺഫറൻസുകളിൽ പങ്കെടുക്കാൻ ഈ സർവീസ് ഏറെ സഹായകരമാകും.
മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് ഈ മൂന്ന് കേന്ദ്രങ്ങളിലേക്കുമുള്ള ബസുകൾ ഒരേ സമയത്താണ് പുറപ്പെടുക. രാവിലെ 7:39, ഉച്ചയ്ക്ക് 1:04, രാത്രി 7:33 ഈ സമയങ്ങളിലാകും സർവീസ്. ടൂറിസ്റ്റുകൾക്കും പ്രവാസികൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി അബൂദബിയിൽ എത്തുന്നവർക്കും ട്രാഫിക് ജാമുകളിൽ പെടാതെയും അധിക ചെലവില്ലാതെയും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ഇത്തിഹാദ് റെയിലിന്റെ ഈ ഫീഡർ ബസ് സർവീസ് വലിയ രീതിയിൽ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

