അൽ മക്തൂം വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് റെയിലും എക്സ്പ്രസ് ലിങ്കും; 5 വർഷത്തിനുള്ളിൽ ദുബൈയിൽ വമ്പൻ മാറ്റങ്ങൾ
പുതിയ വിമാനത്താവളത്തിലേക്ക് ദുബൈ മെട്രോ നീട്ടാനുള്ള പദ്ധതിക്ക് അടുത്തിടെ അംഗീകാരം ലഭിച്ചിരുന്നു

ദുബൈ: യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനുമായി കര,വ്യോമ മാർഗങ്ങളിൽ വമ്പൻ വികസന പദ്ധതികൾ ഒരുക്കുകയാണ് ദുബൈ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത്തിഹാദ് റെയിലിന് പുതിയ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്റ്റോപ്പുകൾ ഉണ്ടാകുമെന്ന് ദുബൈ എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി. പുതിയ വിമാനത്താവളത്തിലേക്ക് ദുബൈ മെട്രോ നീട്ടാനുള്ള പദ്ധതിക്ക് അടുത്തിടെ അംഗീകാരം ലഭിച്ചിരുന്നു. 2031-ൽ ഇവിടെ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇത്തിഹാദ് റെയിലും വിമാനത്താവളത്തിലേക്ക് എത്തുമെന്ന സന്തോഷവാർത്ത വരുന്നത്. 2032-ൽ ആദ്യഘട്ടം പൂർത്തിയാക്കി തുറക്കുന്ന പുതിയ വിമാനത്താവളത്തിലേക്ക് മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്ന് തിങ്കളാഴ്ച നടന്ന 'ബിഗ് 5 ഗ്ലോബൽ' പരിപാടിയിൽ ഗ്രിഫിത്ത്സ് പറഞ്ഞു.
നിലവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും (DXB) പുതിയ അൽ മക്തൂം വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് എക്സ്പ്രസ് ലിങ്കും, പുതിയ ടെർമിനലിലേക്ക് നേരിട്ട് എത്തുന്ന ഇത്തിഹാദ് റെയിലുമാണ് ഇതിലെ പ്രധാന ആകർഷണങ്ങൾ. ആകാശയാത്രകൾ എത്രത്തോളം ആധുനികമായാലും, വിമാനത്താവളത്തിലേക്കുള്ള കരമാർഗമുള്ള യാത്ര സുഗമമായില്ലെങ്കിൽ അത് വലിയൊരു പരാജയമായിരിക്കുമെന്ന് ഗ്രിഫിത്ത്സ് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയും ഗതാഗത സംവിധാനങ്ങളും ഒന്നിക്കുന്നതോടെ, യാത്രക്കാരുടെ ബാഗുകൾ വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കാനും തിരിച്ചെത്തിക്കാനും കഴിയുന്ന ഒരു കാലമാണ് താൻ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ നിലവിലെ ദുബൈ വിമാനത്താവളത്തിന് പകരമായി ദുബൈയുടെ പ്രധാന വ്യോമയാന കേന്ദ്രമായി അൽ മക്തൂം വിമാനത്താവളം മാറും. നിലവിൽ ചരക്കുവിമാനങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ദുബൈ സൗത്തിലെ ഈ വിമാനത്താവളത്തിൽ 2032-ഓടെ യാത്രാവിമാനങ്ങളും ഇറങ്ങിത്തുടങ്ങും. പൂർണ സജ്ജമാകുമ്പോൾ നിലവിലെ വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലുപ്പത്തിലായിരിക്കും ഇത്. വർഷത്തിൽ 26 കോടി യാത്രക്കാരെയും 1.2 കോടി ടൺ ചരക്കുകളും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും.
ഈ വമ്പൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ ദുബൈ നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള തിരക്കുകളും സംവിധാനങ്ങളും തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് മാറും. അതേസമയം, മേഖലയിലെ സംഘർഷങ്ങൾക്കിടയിലും നിലവിലെ ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടില്ല. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 5.04 കോടി യാത്രക്കാരാണ് ഇതുവഴി കടന്നുപോയത്. ഈ വർഷം അവസാനത്തോടെ ഇത് ഏഴ് കോടി കടക്കുമെന്നും, 2027 അവസാനത്തോടെ 10 കോടി യാത്രക്കാരിലേക്ക് എത്തുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
Adjust Story Font
16

