പിഴത്തുകയിൽ ഇളവുമായി വ്യാജ എസ്എംഎസ്: അജ്മാനിലെ തട്ടിപ്പ് കേന്ദ്രം കണ്ടെത്തി
ഒരാൾ പിടിയിൽ, പ്രധാന പ്രതിക്കായി അന്വേഷണം

അബൂദബി: പിഴത്തുകയിൽ ഇളവ് നൽകാമെന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങൾ വഴി താമസക്കാരെ ലക്ഷ്യമിട്ട് പ്രവർത്തിച്ച തട്ടിപ്പ് ശൃംഖലയുടെ അജ്മാനിലെ കേന്ദ്രം കണ്ടെത്തി. റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ പ്രവർത്തിച്ച കേന്ദ്രമാണ് കണ്ടെത്തിയത്. പ്രാദേശികമായി തട്ടിപ്പിന് നേതൃത്വം നൽകിയ ഒരാളെ റെയ്ഡിനിടെ അധികൃതർ അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന ബാങ്ക് കാർഡ് ഡാറ്റ ഉപയോഗിച്ച് വ്യാജ ഇടപാടുകൾ നടത്തിയ 22 ഇലക്ട്രോണിക് പോയിന്റ്-ഓഫ്-സെയിൽ (പിഒഎസ്) ഉപകരണങ്ങൾ പരിശോധനയിൽ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ പ്രധാന പ്രതിക്കായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.
ടോൾ ഗേറ്റുകളിൽ പണം അടയ്ക്കാതെ കടന്നുപോയതിനുള്ള ട്രാഫിക് പിഴകൾ ഇളവോടെ തീർപ്പാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ സന്ദേശമയക്കുന്നത്. എന്നാൽ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇരകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വലിയ തുകകൾ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പരാതികൾ വർധിച്ചതിനെത്തുടർന്ന് പ്രത്യേക ആന്റി-ഫ്രോഡ് ടീം രൂപീകരിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. സാമ്പത്തിക ട്രാക്കിങ്ങിലൂടെയും ഇരകളിൽ നിന്ന് തെളിവുകൾ ശേഖരിച്ചുമാണ് അജ്മാനിലെ കേന്ദ്രം അന്വേഷകർ കണ്ടെത്തിയത്.
രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന ഒരു പാകിസ്താൻ പൗരൻ നയിക്കുന്ന വൻ ക്രിമിനൽ പദ്ധതിയുടെ ഭാഗമാണ് പ്രതികളെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിയെടുത്ത ബാങ്ക് കാർഡ് വിശദാംശങ്ങൾ നൽകുന്നതും പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നത് പ്രധാന പ്രതിയാണെന്നാണ് കണ്ടെത്തൽ. വ്യാജ കമ്പനികളും ഷാർജയിലും അജ്മാനിലുമുള്ള ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് തട്ടിപ്പ്.
വിവിധ എമിറേറ്റുകളിലായി 35 കേസുകൾ രേഖപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു, ഇതിൽ ദുബൈയിൽ മാത്രം 29 കേസുകളുണ്ട്. പ്രധാന പ്രതി നൽകിയ കാർഡ് ഡാറ്റ ഉപയോഗിച്ച് ഒന്നിലധികം തട്ടിപ്പ് സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന പിഒഎസ് മെഷീനുകൾ വഴി ഇടപാടുകൾ നടത്തിയതായി മറ്റ് പ്രതികൾ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാന പ്രതിയെ തേടിയുള്ള അന്താരാഷ്ട്ര മാർഗങ്ങളിലൂടെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.
Adjust Story Font
16

