Quantcast

അജ്മാനിൽ പറക്കും ടാക്സി പദ്ധതി

യുഎഇയിൽ പറക്കും ടാക്സി യാഥാർത്ഥ്യത്തിലേക്ക്

MediaOne Logo

Web Desk

  • Published:

    3 July 2025 10:02 PM IST

അജ്മാനിൽ പറക്കും ടാക്സി പദ്ധതി
X

ദുബൈ: വിവിധ യുഎഇ എമിറേറ്റുകൾ പറക്കും ടാക്സികൾ യാഥാർത്ഥ്യമാക്കാൻ ശ്രമം ഊർജിതമാക്കി. ദുബൈക്കും, അബൂദബിക്കും പിന്നാലെ അജ്മാനും പറക്കും ടാക്സി സേവനത്തിന് ഒരുങ്ങുകയാണ്. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ പറക്കും ടാക്സികൾക്ക് ബാധകമായ നിയമവ്യവസ്ഥകളും തയാറാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് ദുബൈയും, അബൂദബിയും പറക്കും ടാക്സികൾ വിജയകരമായി പരീക്ഷിച്ചത്. വർഷങ്ങൾക്ക് മുമ്പേ ദുബൈ നഗരത്തിൽ പറക്കും ടാക്സികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റവും സുരക്ഷിതമായ സേവനത്തിനായി നിരന്തരപരീക്ഷണങ്ങൾ തുടരുകയാണ്. ഏറ്റവും ഒടുവിലായി ജോബി ഏവിയേഷന്റെ ഇലക്ട്രിക്കൽ പറക്കും ടാക്സിയാണ് ദുബൈയിൽ വിജയകരമായി പറത്തിയത്. പരീക്ഷണ പറക്കൽ വിജയിച്ചതോടെ പറക്കും ടാക്സി സേവനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ദുബൈ. തൊട്ടുപിന്നാലെ അബൂദബി ബത്തീൻ വിമാനത്താവളത്തിലും പറക്കും ടാക്സിയുടെ പരീക്ഷണം നടന്നു. ആർച്ചർ ഏവിയേഷന്റെ മിഡ്നൈറ്റ് ഇലക്ട്രിക്ക് വെർട്ടിക്കൽ ടേക്ക് ഓഫ് എയർ ടാക്സിയാണ് അബൂദബിയിൽ പരീക്ഷിച്ചത്. പറക്കും ടാക്സികളുമായി ബന്ധപ്പെട്ട് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രെക്ചർ എന്ന സ്ഥാപനവുമായി കരാർ ഒപ്പിട്ടു. പറക്കും ടാക്സികൾക്ക് പറന്നുപൊങ്ങാനും, ഇറങ്ങാനുമുള്ള ടേക് ഓഫ്, ലാൻഡിങ് സോണുകൾ സജ്ജമാക്കാനാണ് കരാർ ഒപ്പിട്ടത്. റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് എയർ ടാക്സികളിൽ പറക്കുന്ന കാലം വിദൂരമല്ല.

TAGS :

Next Story